വൃത്തം
 **********                   ----- ഗീത മുന്നൂർക്കോട്---

ടീച്ചറുടെ വിരൽച്ചാതുരിയിലൊരു
കറുപ്പിൽ തെളിഞ്ഞ വൃത്തം

നാൽപ്പത്തിയാറിണക്കണ്ണുകളാണാ
വലയത്തിലൊരു നിമിഷം
ഉടക്കിയത്
അത്രയും കാഴ്ച്ചവട്ടങ്ങളെ
കുരുക്കിയിടാതെ
ആ വട്ടം വലുതായി വന്നു.
ഞങ്ങളുടേതായ വട്ടങ്ങളെയും
അതിലൊതുക്കാൻ

അപ്പു കണ്ടത്
വട്ടപ്പിഞ്ഞാണത്തിലെ
തുമ്പപ്പൂച്ചോറെങ്കിൽ
അമ്മിണിക്കൊച്ചിന്റെ മനസ്സ്
പൊള്ളിച്ചത്
നെടുവട്ടപപ്പടത്തെ
പൊള്ളിച്ച് നോവിച്ച
വട്ടച്ചട്ടിയിലെ തിളയെണ്ണ!

ഒരുത്തിക്ക്
പരത്തിനിരത്തി
വട്ടം വയ്ക്കാത്ത
ദോശകൾശ്ശീന്ന്
കല്ലിനെ പഴിക്കുന്നതും കേട്ട്
സോമുവിനുറക്കം നിഷേധിക്കുന്ന
ടിക്ക് ടിക്ക്ക്ലോക്ക് മുഖം

മറ്റൊരുത്തന്
അച്ഛനിരിക്കുന്ന ബാങ്കിലെ
ടോക്കൺ വലിപ്പങ്ങളും
നാണയക്കലമ്പലുകളും
കാതുകൾ ചൊറിഞ്ഞു

മഴയിടിച്ചിലിൽ
വട്ടമറ്റിറങ്ങിയ മുറ്റക്കിണറും
നടവഴികളിൽ വിരിയുന്ന
പ്രണയപ്പൂക്കളും
അമ്മവട്ടങ്ങളിൽ പൊരിയുന്ന
നാനാവിധ അപ്പക്കൂട്ടങ്ങളും
പൂരപ്പറമ്പിലൊരു
കൌതുകക്കാരന്റെ
മരണക്കിണർ വേഗതകളും

ഇനിയുമുണ്ട്

ചികഞ്ഞ് കാഞ്ഞ് വന്ന്
ബുദ്ധികളിൽ
ഫ്രെന്റ്ഷിപ്പ് സർക്കിളുകൾ
ചില ഒളികണ്ണുകളിൽ
ഒളിച്ചും പതുങ്ങിയും
വട്ടക്കണ്ണുകളും വട്ടപ്പൊട്ടുകളും

ഒരു വൃത്തനിമിഷത്തിന്റെ
നാൽപ്പത്തിയാറു സാദ്ധ്യതകളിൽ
ഉള്ളകങ്ങൾ കണ്ടെന്ന പോലെ
തന്റെ വൃത്തത്തിന്റെ
ജാമിതീയ സ്വഭാവങ്ങളെയടച്ചു വച്ച്
വൃത്തഗവേഷണത്തിന്റെ
അനന്ത സാദ്ധ്യതകളിലേക്ക്
ടീച്ചർ ഞങ്ങൾക്കൊപ്പം
കൈകോർത്തതും
വലിയൊരു വിസ്മയ വൃത്തം!



Comments

  1. വിസ്മയവൃത്തം ഞാന്‍ കണ്ടില്ല

    ReplyDelete
  2. കുട്ടികൾ മാത്രം കാണട്ടെ ആ വൃത്തം.

    ReplyDelete

Post a Comment

Popular posts from this blog