പ്രണയ വഴികളിൽ
**************************
കളഞ്ഞിട്ടതേത് തീരത്ത്
കൈയ്യൊത്ത്
മൈയ്യൊത്ത്
ഓടിപ്പിടഞ്ഞ
ചാഞ്ചാട്ടങ്ങൾ …
ഏതു നദിയൊഴുക്കിൽ
ഒലിച്ചു പോയി
ചിരിക്കൂട്ടങ്ങളുടെ
പാദസരക്കിലുക്കങ്ങൾ ….
ചുറ്റമ്പലവിളക്കുകളിലെങ്ങാനും
എരിഞ്ഞു തീർന്നതോ
നിസ്സ്വാർത്ഥതയുടെ
സ്നേഹസത്ത …
ഇരുൾപ്പുഴുക്കൾ തിങ്ങിയ
ഏതു കാടുകളിൽ
കൊറിക്കാനായ്
വിതറിയിട്ടു
കാതോരം കോർത്ത
രഹസ്യങ്ങൾ…
പ്രണയത്തിരയേറ്റങ്ങളിൽ നിന്നും
തിളങ്ങി വന്നതൊക്കെ
വിഴുങ്ങിയ
തിമിംഗലമെവിടെ…
ഏത് കാറ്റിൽ
എവിടെ വച്ചണഞ്ഞു
മുഗ്ദ്ധചുംബനങ്ങളിലെ
പ്രണയത്തീ …
തിരിഞ്ഞൊന്ന് നടന്നാൽ
തെരഞ്ഞ് പിടിക്കാൻ
പിൻ വഴികളിൽ
കാത്തിരിക്കുന്നുണ്ടാകുമെല്ലാം
എന്ന ഓർമ്മകളോടാണിപ്പോൾ
തീവ്ര പ്രണയം
:)
ReplyDelete