സ്ഫോടനം
*********
പ്രണയ സ്വപ്നങ്ങൾ
ചിലപ്പോൾ
ആകാശം മുട്ടെ പറക്കാറുണ്ട്

മോഹക്കണികകൾ
സ്ഫുടം ചെയ്ത
വെൺ മേഘങ്ങളായി
അവ
അതിസാന്ദ്രതയെത്തി
ഉള്ളനക്കങ്ങളിൽ
പലതും ഒളിപ്പിക്കാറുണ്ട്

അസാധാരണമാകും
ആകർഷണ ഗുരുത്വം
എല്ലാമെല്ലാം
കറങ്ങിയടുക്കും

അപ്പോഴേക്കും
നുഴഞ്ഞു കുമിഞ്ഞ്
വികാരച്ചൊരിച്ചിലുകളിൽ
പ്രവാഹങ്ങളാകും
ഇണയുള്ളങ്ങളെ
മഥിപ്പിക്കാനും
പാകത്തിന്
ഇളക്കം
കൊടുമ്പിരിക്കൊള്ളും

ഇനി
ഒരു സ്പർശം
ഒരു മുട്ടൽ
ഉരുമ്മൽ

പ്രണയസ്ഫോടനം !

കനത്തു പെയ്യുന്ന
പ്രളയത്തിലൊഴുകിത്തെറിക്കുക
എന്തൊക്കെയാകും .


Comments