വിരുന്നിനെത്തുന്നു തിരുവോണം
ഗീത മുന്നൂറ്ക്കോട് …………

ഉണ്ടായിരുന്നെന്റേതെന്നോതാ-
നൊരു പുകള്‍ പേറും തറവാട്;
വലുതാമൊരു മുറ്റം, കൊച്ചു നടുമുറ്റം,
നാലേക്കര്‍ തൊടികയാല്‍ തളച്ചത്;
മുള്‍ വേലിയെപ്പുണരും മുല്ലമാലാഖമ-
രവരെ നുകര്‍ ന്നുണ്ണാനിഴയും വെള്ളി-
ക്കെട്ടിന്‍ പകിട്ടുമായ് സര്‍ പ്പക്കൂട്ടങ്ങളും.
ഉള്‍ത്തളങ്ങളില്‍ പൊട്ടിച്ചിര്കളു-
മാള്‍ ക്കൂട്ടവും, അമ്മയിളയമ്മയമ്മാമ
വല്യമ്മ, മക്കള്‍ മരുമക്കള്‍ വിരുന്നെന്നും !
നെല്‍ ക്കതിരുകള്‍ ച്ചിതറി മുറ്റത്തൊപ്പം
പൊങ്ങും ചേറ്റിന്‍ പുതു പാട്ടുകള്‍,
പത്തായം മുട്ടെ നെല്ലും, നിറപറയും,
പൂമുഖശ്രീയായ് കതിര്‍ ക്കുലയാടിയും,
നിലവിളക്കില്‍ ജ്വലിക്കും കെടാതിരി,
നിറനാക്കിലക്കീറില്‍ സദ്യയൂണും;
അടിയാനും കുടിയാനും മനം നിറ-
ഞ്ഞോണനാളുകള്‍ വിരിയിക്കും പൂക്കാലം!
ഓര്‍ മ്മകള്‍ വട്ടം കൂട്ടിയെന്നുള്ളത്തില്‍
ക്കൂവുന്നുണ്ടുച്ചത്തിലിന്നുമാ പൂവിളി….
പൂവേ……….പൊലി പൂവേ……..പൊലി പൂവേ……
എങ്ങു പോയൊളിച്ചാ പൂവിന്നോണക്കാലം…
പൊലിഞ്ഞു തുലഞ്ഞേ പോയോ പൂവിളി…?
വെറുതെ വിരുന്നു വരുന്നൂ തിരുവോണം..൧
തെറ്റിയും തല്ലിയും പിന്നെ പറഞ്ഞും
ചിരിച്ചും പിരിഞ്ഞവര്‍, തറവാടികള്‍ –
എത്തുമോ ഓണമ് കൂടാനീ മുറ്റത്തൊരു
സ്നേഹക്കളമൊരുക്കാനൊരുമിക്കാന്‍..?
തലമ ചുറ്റാ, നാട്ടക്കളം ചവിട്ടാന്‍, താളത്തില്‍
കുമ്മിയും; മാവേലി മന്നനെ വിരുന്നൂട്ടാന്‍….?
പിരിഞ്ഞവര്‍ കിണ്ണവും കിണ്ടിയും, നാഴി –
നാരായമുലക്കച്ചമ്മട്ടികളിനിയും കലമ്പുമോ…?
അവിയലോലനെരിശ്ശേരിക്കറിക്കൂട്ടുകള്‍
നാക്കില നിറക്കാനാരാനും വന്നെത്തുമോ…?
കാടും പടര്‍ പ്പും വിഷവല്ലികള്‍ ചുറ്റുമീ
ച്ഛിദ്രഭവനത്തിന്നൂടുവഴികളും താണ്ടി
എങ്ങിനെയെഴുന്നെള്ളാന്‍, പ്രജാക്ഷേമമേ
കാംക്ഷിക്കും സാത്വികന്‍ മഹാമന്നന്‍…?


Comments

Popular posts from this blog