വിധിയുടെ വരികൾ


--- ഗീതമുന്നൂർക്കോട് ---

ഛന്ദസ്സില്ലാതെ എഴുതപ്പെട്ട
ഈണങ്ങളില്ലാത്ത
ശ്രുതിസൌന്ദര്യമുടഞ്ഞ
താളവട്ടങ്ങളും
ഗതി വിഗതികളും ശോഷിച്ച
ശിരോലിഖിതം
ഒരു വിചിത്ര കാവ്യം !

വിപരീതച്ചേർച്ചകളുടെ
സങ്കര വാക്കുകളാൽ
നിരർത്ഥകമെന്ന് തോന്നിപ്പിക്കുന്ന
ഗഹനമായ വരികൾക്കിടയിൽ
മതിഭ്രംശത്തിന്റെ
വിവിധാർത്ഥങ്ങൾ വേണ്ടുവോളം !

വിധിയുടെ അജ്ഞേയമായ വരികൾ
വായിക്കാനാകാതെ
ഞാനെന്നെ അറിയാതെ
ഈണമിടുന്നെന്റെ വിരലുകൾ.!
അവ ശോഷിച്ചുടയുമ്പോൾ
ശിരോലിഖിതം സൂക്ഷിക്കപ്പെട്ട
പേടകത്തിൽ
എന്റെ വരികളും അടക്കപ്പെടും .


Comments

  1. വൈചിത്ര്യമാണ് അതിന്റെ മനോഹാരിത!!

    ReplyDelete

Post a Comment

Popular posts from this blog