വഴിയോരത്തു കേട്ട പാട്ടിൽ
*******************************
n ഗീത മുന്നൂര്‍ക്കോട്
ആകാശം ശാന്തമെന്ന് ചൂണ്ടി
മുഖം കോട്ടി നിൽക്കുന്ന
മൗനത്തിലേയ്ക്കൊരു
സാന്ദ്രസംഗീതമുണരുമ്പോലെ
ആ കണ്ഠത്തിലെ
വടിവൊത്ത
ചലനങ്ങൾ
കാറ്റും
കിളികളും
കൂട്ടത്തോടെ
കൈമെയ്യ് ചുറ്റിപ്പിണഞ്ഞ്
പറന്നെത്തുന്നു
പേരാലിന്റെയിലത്തുമ്പുകൾ
വിറയ്ക്കുന്നു
ഏതോ സുഖദമായ
വളക്കൂറിൽ നിന്നും
പൊട്ടിയണർന്ന നാമ്പാണ്
പൊടുന്നനെ വീശിയ
ചുഴലിയിലാകാം,
ഏതോ
ജീവിതാപസ്മാരത്തിന്റെ
നിമിഷസ്ഫോടനത്തിലാകാം
ആ നാവ്
ദുരിതഗീതികളിൽ വിറയ്ക്കാൻ
തുടങ്ങിയത്
മെലിഞ്ഞുണങ്ങിയ
അവളുടെ
സ്ഥൂലമേനിയിലും
ദ്രുതചലനങ്ങളിലും
വടിവൊത്ത വഴക്കമുണ്ട്
നിന്ന നിൽപ്പിൽ
പ്രപഞ്ചത്തെയൊട്ടാകെ
അനുനയിപ്പിക്കും വിധം
അവളുടെ ചുമലെടുപ്പ്!
അവൾക്കു
കേൾക്കാം
പാട്ടിലേയ്ക്കുരുളും
ഒന്ന്, അല്ല കുറെയേറെ
തുട്ടുകിലുക്കങ്ങൾ
അറിയുന്നുണ്ടവൾ
പൊയ്പ്പണത്തിന്റെ പകർച്ച
ഓരോ പാട്ടിലും
വിശക്കുന്നതിനെയവൾ
പട്ടിണിയെന്ന്
നെഞ്ചണച്ച്
പുതയ്ക്കുന്നു
പിന്നെയും
പാടിപ്പാടിയുറക്കുന്നു.
Comments
Post a Comment