ഉടയാതൊരു ബാല്യസൗഹൃദം
           --ഗീത മുന്നൂര്‍ക്കോട്—

തൊടികയില്‍ ചപ്പിലത്തേങ്ങല്‍രവങ്ങളില്‍
ഒളിച്ചുകളിക്കുന്ന ശ്രുതിരസങ്ങളില്‍
നിന്റെ കാലൊച്ചകള്‍ കേള്‍പ്പൂ ഞാന്‍
ബാല്യം രചിച്ചിട്ട കളിക്കളങ്ങളില്‍
കൊത്താം കല്ലിട്ടു തട്ടിയിടഞ്ഞുമിണങ്ങിയും.

മഞ്ഞച്ചുപോമൊരു പഴം താളിലൊരു

മയില്‍പ്പീലി പെറ്റിട്ട മഴവില്‍ ക്കാഴ്ച്ചകള്‍
മുദ്രകുത്തിയതൊരു മായാ വടുവുണ്ടകതാരില്‍.

ഊളിയിട്ടിന്നുമെന്നോര്‍മ്മകള്‍ പരതുന്നൂ

അമ്പലക്കുളത്തിന്റെ നീര്‍പ്പരപ്പില്‍ നിന്നെ.
പെരുമഴക്കാലത്തെ മാഞ്ചോടുകളിലെത്ര
കുതറിയോട്ടങ്ങള്‍ നാം തളച്ചിട്ടു പകുത്തൂ…

കിലുകിലെ നമ്മള്‍ കിണുങ്ങിക്കൊറിച്ചിട്ട

ചിരിമണികളെല്ലാം രസികമുരുണ്ടടുക്കുന്നൂ….
നാമുരുട്ടിപ്പങ്കിട്ട സ്നേഹസൗഹാര്‍ദ്രസ്വാദുകള്‍
ഹൃദ്യമിന്നുമെന്‍ ഹൃത്തില്‍ മധുരിച്ചുരുകുന്നൂ.

എന്റെ മൗനകാലങ്ങള്‍ക്ക് കൂട്ടിനായിന്നു-

മെത്തുന്നെന്നെ മഥിക്കുന്നു നിന്‍ വാചാലത.
ഓര്‍മ്മകളിറങ്ങുമ്പോള്‍ പുല്‍പ്പടവുകളേറെ
നമ്മള്‍ കൈകോര്‍ത്ത വിസ്മയവഴികളില്‍
ജീവിതം ഗോളാകാരം പൂകും, പിരിഞ്ഞവര്‍
പുണരാനെത്തുമെന്നോര്‍ത്തു ഞാന്‍ തേടുന്നൂ…

നീയെന്റെ ചിന്തയിലാദ്യമായ് മുളപ്പിച്ച

കുസൃതിക്കുരുന്നുകളിന്നും തളിരിട്ടു പൂക്കുന്നൂ.
സ്നേഹം കൂട്ടിപ്പിണച്ച വഴികളൊരുനാ-
ളകത്തെ സങ്കടക്കുടം പൊട്ടിച്ചിതറിച്ചകന്നതും
’കാണും നാമിനിയു’മെന്ന് വാക്കുകള്‍ വിങ്ങി
കുതറിക്കരഞ്ഞനാള്‍ മിഴിയിണ നനയ്ക്കുന്നിന്നും.

സുഹൃത്തേ നീ പണ്ടു മെഴുകിയടുക്കിപ്പടുത്തതാ-

മരക്കില്ലമുരുകാതുണ്ടുയിര്‍പ്പൂയെന്‍ വനികയില്‍.

Comments