കല്ലുകള്‍ക്ക് പറയാനുള്ളത്….

---ഗീത മുന്നൂര്‍ക്കോട്------

പണ്ടെന്നോ
പൊട്ടിത്തെറിച്ച്
ചിന്നിപ്പിരിഞ്ഞ്
കോലം കെട്ടതെങ്കിലും
വെറും കല്ലെന്ന്
അസൂയ മൂത്ത്
ആളുകള്‍
വിശേഷിപ്പിക്കുന്നെങ്കിലും
ഇത്രയും വൈവിധ്യമാര്‍ന്ന്
ജീവിച്ചവരില്ല.

ഉയരങ്ങളിലേക്കുള്ള
പടവുകളായി
നേര്‍പ്പാതകളില്‍
നിവരുന്ന പരവതാനിയായി
ഞങ്ങളിടം കാണുന്നു.

മനുഷ്യന്റെ മോഹസൗധങ്ങള്‍ക്ക്
കരുത്തും
കരവിരുതുകള്‍ക്ക്
മേനിയഴകും
കണ്ടെത്തി
വെട്ടുകളിലും കൊത്തുകളിലും
അലങ്കാരം കൊണ്ട്
പാവയും പാട്ടയും
തൊട്ടിയും മെത്തയു-
മെല്ലാമാകുമ്പോളും
വിഴുപ്പുകളെ
എത്ര നന്നായി
ഞങ്ങള്‍തച്ചൊഴുക്കുന്നു

ഞങ്ങളെ ആയുധമാക്കിയവന്
തുറുങ്കും
ഞങ്ങള്തന്നെ പണിയും.

സ്വപ്നസ്വാദുകള്‍
ചില വേളകളില്‍
അരച്ചും ചതച്ചും
ഒരുക്കിയും
പട്ടിണിക്ക്
കല്ലുകടിയാകാനും
ഞങ്ങള്‍സദാ സന്നദ്ധര്‍‍.

മനുഷ്യാ,
നീ ഞങ്ങളെ
ഭയക്കാന്‍ വേണ്ടി
ഞങ്ങളൊരേ സമയം
ദൈവവും
ചെകുത്താനുമാകുന്നു.

എന്നിട്ടും
ഞങ്ങളുടെ
ഭീമത്വത്തെ കൂസാതെ
ഓരോ ചെത്തിലും
സുതാര്യമാക്കിത്തിളക്കി
വജ്രാഭയിലൊതുക്കി
നീ
ഞങ്ങളുടെ
വിലയേറ്റുന്നു,
ഞങ്ങളെ
വിലയ്ക്ക് വയ്ക്കുന്നു.


Comments

Post a Comment