മഴമുകിലേ നീ പെയ്യുക
------ ഗീത മുന്നൂർക്കോട് -----

ഇതൊരായുസ്സ് തപം ചെയ്ത് സ്ഫുടം ചെയ്ത യത്നം
കൃഷിവലന്റെയാത്മാവ് തൻ സ്വപ്നബലിയിട്ട യജ്ഞം
എന്തീ മലർക്കെത്തുറന്ന വിഹായസ്സിന് മോഹഭംഗം
ആജ്ഞാശരങ്ങളെയ്യുന്നെന്തേ തപിക്കും സൂര്യഹാസം!

തേയുന്നുവല്ലോ തൻ പ്രാണനാം പണിയായുധങ്ങൾ
ഇല്ലയല്പം ശക്തിയീ രാകുവാനാകാത്ത കൈവിലക്കിൽ .
ഉൾക്കനം വന്ന് ഭീമാകാരം കൊണ്ട പ്രാരാബ്ധഭാരം
വയറും മനവുമൊന്നു പോലെരിഞ്ഞ ചുടലത്തീച്ചാരം!

കനിയാത്തതെന്തേ മഴമുകിലുണരാത്തതെന്തേ
വേഴാമ്പൽ കൊക്കിലൊരു തുള്ളിയിറ്റു വീഴാത്തതെന്തേ;
കാൺകയീ കരൾ കടഞ്ഞു കിടക്കും ഭൂമി തൻ നോവ്
പിളർന്ന വായും, വരണ്ടു കീറിയ മണ്ണിന്റെ ദാഹവും.

വരിക മഴമുകിൽച്ചാർത്തേ,യൊരുതുള്ളി സ്നേഹമായ്
കുളിർ കോരിയുള്ളിൽ ഹർഷവർഷമായ് നീ പെയ്യുക.
വരിക,തിളങ്ങും വൻ തുള്ളികളായ്, ബുദ്ബുദരാഗമായ്
തരിശിൽ പതിക്കുക, വിണ്ണിന്റെ മണ്ണിന്റെ ദാഹമകറ്റുക.


Comments

 1. വരിക മഴമുകില്‍ച്ചാര്‍ത്തേ.....

  ReplyDelete
 2. വരും, തീർച്ചയായും വരും.

  ReplyDelete
 3. വരിക മഴമുകിൽച്ചാർത്തേ,യൊരുതുള്ളി സ്നേഹമായ്
  കുളിർ കോരിയുള്ളിൽ ഹർഷവർഷമായ് നീ പെയ്യുക.....ഇഷ്ടായി!

  ReplyDelete

Post a Comment