ചൊരിച്ചിൽ

----ഗിത മുന്നൂർക്കോട്----

മെല്ലെ മെല്ലെ
നീയിറ്റു ചൊരിഞ്ഞത്
പൊള്ളിപ്പഴുത്ത
എന്റെയുഷ്ണത്തിലായിരുന്നു..

വീണ്ടുമെന്റെ ദാഹത്തിലേയ്ക്ക്
നീ താളമായപ്പോൾ
കുളിരായി നനയാൻ
മലർക്കെയെന്നെ തുറന്നിട്ടു.

എന്റെ രാത്രിക്കനത്തിൽ
മിന്നലുകളെയ്ത്
നീ വെളിച്ചമിട്ടു.

ഇടിമുഴക്കി
ഉദ്ദീപനം കൊണ്ട്
എന്റെ നടുക്കങ്ങളിൽ
നീ നിറഞ്ഞു.

ഇരുട്ടു വിള്ളലിട്ട
മോഹപ്പരപ്പുകളിൽ
വെളിച്ചമൊഴിച്ച്
നീയെന്നെ നിലാപ്പാടമാക്കി.

ഏതോ കാലത്തിന്റെ ദ്വീപിൽ
വിസ്മയമായി നീ നിന്നു പെയ്തതും
ഞാൻ കുതിർന്നു കുഴഞ്ഞതും.

നിന്റെ കോരിച്ചൊരിച്ചിലിൽ
കോരിത്തരിച്ച ഞാൻ
അറിഞ്ഞതേയില്ല
മിന്നലുകളെരിച്ചു മായ്ച്ചതെന്തെന്ന്…..
ഇടിവെട്ടി പൊട്ടിത്തെറിച്ച
ഭിന്നക്കണക്കുകളെത്രയെന്ന്.
നിന്റെയൊഴുക്കിൽ
കടപുഴകിയതെന്തൊക്കെയെന്ന്..Comments

Post a Comment