അതിർത്തി അരേഖീയമാകുമ്പോൾ

പുഴക്ക് നടുവിലൂടെയാണ്
അരേഖീയ അതിർത്തി
രണ്ട് ജില്ലകളല്ല
രണ്ട് നാടുകളല്ല,
രണ്ട് ഗ്രാമങ്ങളുമല്ല
വേർതിരിക്കപ്പെടുന്നത്

അതിർത്തിയിലേക്ക്
കുതിർന്നഴുകി വരുന്നത്
രണ്ട് മതങ്ങളോ
രണ്ട് സമുദായങ്ങളോ
രണ്ട് ഗോത്രങ്ങളോ
രണ്ട് ജാതികളോ
അലക്കിയൊഴുക്കുന്ന
മൂല്യ വിഴുപ്പുകൾ തന്നെയാവാം

ഉറുമാലുകൾ, തട്ടങ്ങൾ, തൊപ്പികൾ
പൂണൂൽ, നേര്യതുകൾ, കസവ് വേഷ്ടികൾ
അലക്കി വരുമ്പോൾ
അത്തർ മണങ്ങളും
ചന്ദനലേപ്യങ്ങളും

അവ സംഗമിക്കുന്നുണ്ട്..
ഒന്ന് ചേർന്നാണ്
ഈ പുഴയൊഴുക്കിൻ മദ്ധ്യേ
കുത്തൊഴുക്കാകുന്നത്

പുഴയുടെ കരകൾ
ഒരേ സമയം
തഴുകുന്നുണ്ട്
അല്ലാഹുസ്തുതികൾ
ഹരിനാമസങ്കീർത്തനങ്ങൾ
ജയ് ഭോലേവിളികൾ

ഉയർന്ന് പണിയിക്കപ്പെട്ട്
ഉപവിഷ്ടരായിട്ടുണ്ട്
അല്ലാഹു, പള്ളിയിലും
ഭഗവതി, അമ്പലശ്രീലകത്തും.

അതിർത്തിയിൽ അലയുന്ന കാറ്റിലും
ഒരു സംഗമാനുഭൂതിയാണ്
പുഴയുടെ നടുവൊഴുക്കിന്
സമാന്തരങ്ങളിലെ ഒത്തു ചേരലുകളിൽ

ഇടക്കിടെ വറ്റുന്ന പുഴയൊഴുക്കും
വർണ്ട് ദാഹിക്കുന്ന കാറ്റിന്റെ
ഗതി മുട്ടലും കൊണ്ട്
പിന്നീടാണ് സംഘർഷം .

പുഴയ്ക്ക് മേലെയുള്ള
പാലത്തിന്റെ നേർപ്പാതിയിൽ
കാൽ തൊടുമ്പോൾ
ഒരു എടുത്ത് ചാട്ടം അങ്ങനെ
അനിവാര്യമാകുന്നു.


Comments

  1. അതിര്‍ത്തികളാല്‍ വേര്‍തിരിക്കാന്‍ സാധിക്കാത്തതുമുണ്ട്

    ReplyDelete

Post a Comment