ചൊവ്വാദോഷം ചില തുടക്കമിട്ട മലിനീകരണചിന്തകൾ ----
*****************************************************************

മോമിന്റെ ചെല്ലക്കുട്ടി, നീയാകുമ്പോൾ
അമ്മക്കണ്ണുകൾ
സൂക്ഷ്മദൃഷ്ടികളാൽ തലോടി
നിന്റെ നിമ്നോന്നതങ്ങളെ
ചികയാനെത്തിയതിൽ
ദൃഷ്ടിദോഷവിമോചനത്തിന്
കരിമ്പുള്ളി വീഴാൻ നീയിനി നൊമ്പരപ്പെടും

മാഫിയക്കണ്ണുകളെങ്ങാൻ പരിചയവലയിൽ
തങ്ങിപ്പോയാൽപ്പിന്നെ
നെഞ്ചുമാന്തികൾ രാവ് കറുക്കാൻ കാത്തിരിക്കും
ഉമിനീരിറക്കുന്ന ഗുരുത്വക്കേടുകൾ
ഗുരുത്വം കുറഞ്ഞയിടമെന്ന കണക്കിൽ
പ്രാഞ്ചിയങ്ങ് വീഴാനായും
കരമെടുക്കാനായി ചെങ്കോൽപ്പട
ശാസിച്ചടിയളന്ന് എണ്ണമെടുപ്പായിരിക്കും

പമ്മിപ്പതുങ്ങി സ്വപ്നക്കയറ്റത്തിലാണത്രേ
അടുത്തയാനം പുറപ്പെടുന്നതും കാത്ത്
അള്ളിപ്പയറ്റുന്നത്
രുദ്രാക്ഷമണികൾക്ക്
ജപിച്ച് തൊടുവിക്കണമെന്ന്,
ചന്ദനലേപനം
വടിച്ച് തൊപ്പിയിടുവിക്കാനുമുണ്ട്
ചില തിടുക്കങ്ങൾ
കുരിശു തറക്കുന്ന ചർച്ചയും
പാതി വഴിയിലുണ്ട്

ഒളിച്ചും പമ്മിയും
ദുര്യോഗങ്ങൾ പിറകെപ്പിറകെ
ദുരന്തയാനത്തിന്റെ ഭാരം കൂട്ടുന്നുണ്ട്

ചില പ്രേതാത്മാക്കൾ
പ്രകാശവേഗങ്ങളിൽ പാഞ്ഞ് വരുന്നുണ്ട്
നിന്റെ ഉള്ളടുക്കുകളിലെങ്ങാൻ ഒളിയറകളിൽ
ഭൂജാതജീവിഭുക്കുകൾ
കാനിബൽകുടുംബങ്ങളെ
പുകച്ച് തുരത്താൻ

ചൊവ്വാഗ്രഹമേ,
ഇനി മുതൽ നിന്നിലേക്ക്
ഭൂമിവായിൽ നിന്നും
ഉതിരുന്ന
ദൃഷ്ടിപ്രാക്കുകളായിരിക്കുമോ
ചൊവ്വാദോഷമെന്ന്
ജ്യോത്സീകരിക്കപ്പെടുക. !


Comments

  1. ഹഹ... കൊള്ളാം

    ചൊവ്വ വല്ലാതെ പേടിച്ചിരിപ്പാണോ എന്തോ!

    ReplyDelete
  2. പേടിക്കാതെ തരമില്ല. കേരളക്കരയിലുള്ളവർക്കല്ലേ കൂടുതൽ ക്രെഡിറ്റ്...

    ReplyDelete

Post a Comment