ശില്പം
******
ഉളിത്തുമ്പിന്റെ ചടുലനടനം
ശില്പിയുടെ ഹൃദയതാളത്തിനൊപ്പം
ആ ഹൃദയത്തിലെ തുള്ളികളിറ്റിച്ച് തന്നെയാണ്
കല്ലിലവളുടെ സൌന്ദര്യം വരക്കാൻ തുടങ്ങിയത്..

മാന്ത്രികം
ഓരോ കൊത്തിലും മിഴിഞ്ഞു വന്ന
ശിലയിലെ സ്ത്രീയുണ്മ
ത്രസിച്ചു തുളുമ്പിയതും
ലാവണ്യമുടുത്തതും
അനുരാഗക്കുളിരിൽ വീണ്ടുമയാൾ
നേർവരകളിൽ ഗാംഭീര്യവും
വടിവു മുറ്റിയ ആകാരവും
വക്രതയിൽ ഉടൽ ഞൊറികളും കൊരുത്തതിൽ
സാന്ദ്രമായുയിർത്തു വന്നു അവൾ

തട്ടലുകളിൽ അടർന്ന ചെളി വിള്ളലുകൾ
പരുക്കൻ പൊടി വിഹ്വലതകൾ

ബാക്കി നിന്ന, ശില്പിയുടെ
മനോഗതങ്ങൾ
ഓരോ അവയവത്തിനും അഴകിട്ടു
ശിലയിൽ പിറന്ന പെൺപോരിമയെ
കൺകളാൽ തഴുകിയുഴിഞ്ഞ്
ശില്പിയവളെ,വ്രീളാവിവശയാക്കി

പാതി വിടർന്ന ശിലാമിഴികളിൽ
തുളുമ്പി വന്ന നഗ്നതയറിഞ്ഞ്
അടഞ്ഞു നിൽക്കാൻ വെമ്പും പോലെ
കാൽമുട്ടുകളെ വളച്ചൊതുക്കി
ആ നഗ്നസ്നിഗ്ദ്ധത,
അയാൾ
സ്വയം ഭോഗിക്കാൻ തുടങ്ങി

മുഴുത്ത മാറിടം തലോടി
ഹൃദയത്തിലേക്കൊന്ന് നൂണിറങ്ങാനുള്ള
വ്യഗ്രതയിൽ,
പ്രേരണയെന്തെന്നറിയാതെ
നെഞ്ചു കീറിക്കൊണ്ടയാൾ - ഒരു കൊത്ത്
തറഞ്ഞു പോയ ഉളിമുന
അവളുടെ ഹൃദയത്തിൽ വിരിഞ്ഞ
രക്തപ്പൂക്കൾ നാലുപാടും ചിതറിത്തെറിപ്പിച്ച്
ഹൊ !! ശില്പി പൂർണ്ണസായൂജ്യമറിഞ്ഞ
അവളുടെ തീക്ഷ്ണനൊമ്പരം.
Comments

Post a Comment

Popular posts from this blog