നാളേക്കുള്ള ചരിത്രം
*******************************
ഇന്നെഴുതണം, ഇന്നു തന്നെ

പേരക്കിടാങ്ങൾക്കായി
കഥകൾ മെനയും മുഹൂർത്തങ്ങൾ
ഓർത്തോർത്തെടുക്കണം

പണ്ടു പണ്ട്…….

ദേ, ഈ തെക്കേപ്പാടം കഴിഞ്ഞുള്ള
ആ ഉണക്കമൈതാനത്തിൽ
നിറഞ്ഞു നിബിഡമായിരുന്ന
കാടായിരുന്നു.


ഒരു മൈൽ ദൃഷ്ടിയിൽ
പച്ചപ്പ് തിരക്കിനിന്നിരുന്നു..


വവ്വാലൊച്ചകൾ
രാക്കനങ്ങളെയുണർത്തി
ഉറക്കങ്ങളെ തൂത്തു കോരുമയിരുന്നു..


ആർത്തിയെ അടർത്തി നിർത്തി
ഇണമയിൽ നടനങ്ങൾ
മുറ്റത്തിക്കിളി പോലെ
മിഴികളിൽ ‘തൈ തി ത്തിത്തൈ’
എന്ന് കൊതിപ്പിച്ചിരുന്നു


വാനരക്കൂട്ടങ്ങളുടെ
പരിഹാസച്ചാട്ടങ്ങളിൽ
ചവച്ചു തുപ്പിക്കൊണ്ട്
മാങ്ങയണ്ടികളും തേങ്ങാക്കുലകളും
യഥേഷ്ടം മണ്ണു കപ്പുമായിരുന്നു


പിന്നെയൊരു രാത്രിയെ
വിറപ്പിച്ചു നിർത്തിയ കൌതുകമായി
ഒരു പെരുമ്പാമ്പ്
പടിപ്പുരയിലെത്തി
വിരുന്നുറങ്ങുകയുമുണ്ടായി.

Comments