സ്വപ്നാടനം
---
--------------
നിശ്ശബ്ദത ഘർഷിച്ച
പാതിരാവിന്റെ 
ഉഗ്രസ്ഫോടനത്തിലായിരുന്നല്ലോ
സ്വപ്നങ്ങൾ കൂട്ടിമുട്ടിയ
നാൽക്കവലയിൽ
കാലൊച്ചകളിലെ പൌരുഷം 
ആദ്യമായി മണത്തത്

ഒരു നൂലിടയ്ക്കപ്പുറം
സുഖനിദ്രാടനം
വാഗ്ദത്തമായിരുന്നിട്ടും
മറുവശത്തേയ്ക്ക്
വഴിയിടഞ്ഞത്

പ്രണയക്കൊഴുപ്പുകളിൽ
അലിഞ്ഞചേർന്നെന്ന
ബോധ്യങ്ങളിൽനിന്നും
ആ നീലംനിറച്ച കണ്ണുകൾ
എല്ലാ അത്യാർത്തികളും
വീണ്ടെടുത്തത്

ആ പൂച്ചക്കണ്ണുകൾ
ആദ്യമായി കണ്ടത്
പച്ചവെളിച്ചം തെറിപ്പിച്ച
പൂച്ചക്കണ്ണുകൾ തിളങ്ങിയത്….


വിഷഭോഗദംശനത്തിന്റെ
കടുംനീലം
ഉയിരിലുമുടലിലും പടർന്നത്….


നാണയക്കിലുക്കങ്ങളുടെ
മടിക്കുത്തിൽ നിറഞ്ഞ
ഒച്ചപ്പാടുകളിലേയ്ക്ക്
ഒരുപിടി
കുഞ്ഞു വിശപ്പുകൾ
തളർന്നു കരഞ്ഞത്

സ്വപ്നമായിരുന്നല്ലോ
എന്ന ഓർമ്മയുടെ ഇരുട്ടിനെ
തുറന്നുവിട്ട
സൂര്യോദയത്തിലേക്കവള്
തള്ളിയലച്ചുവീണത്
അനാഥവിശപ്പുകളുടെ
കുഞ്ഞുകണ്ണുകളിലേക്കോ


Comments

Popular posts from this blog