നിദ്രാടനത്തിൽ
*******************
എന്റെ നിലാവുകൾ
ഇരുണ്ടതെന്നു വിളിച്ചുകൂവിക്കൊണ്ട്
ഇടയ്ക്കൊക്കെ അവനെത്താറുണ്ട്
നിദ്രാടനത്തിലെന്റെ വിരൽകോർത്ത്
കണ്ണുകളിൽ
മുള്ളുകൾ കോർക്കാൻ
ഇടയ്ക്കൊന്നു നുള്ളിനോവിച്ച്
കുശലങ്ങൾ ചോദിച്ച്
പയ്യെപ്പയ്യെ ഇരുട്ടിലേക്കിറക്കാൻ
നായകന്റെ മേന്മകളിലസൂയപ്പെട്ട്
സംതൃപ്തിയുടെ
നേർസന്താനങ്ങളെ
ലഹരിമുക്കിയ മധുരങ്ങളിൽ
വീണ്ടും പ്രലോഭിപ്പിക്കാൻ..
എന്റെ നല്ല നടപ്പുകളെ
പരിഹസിക്കാൻ
അപ്പോൾ
പ്രതിരോധത്തിന്റെ
ഇച്ഛാശക്തിയിൽ
ഞാനവരെ തിരിച്ചുപിടിക്കും
അവൻ
പറഞ്ഞുപറ്റിച്ച
ഭൂതകലത്തിലേക്കെത്തിയൊന്നു നോക്കി
അവൻ നുള്ളിപ്പൊട്ടിച്ച
പ്രണയമറുക്
നൊന്തുപൊട്ടിവീണ
വടുക്കളെയെല്ലാം തൂത്തെറിഞ്ഞ്
അനുഭവങ്ങളുടെ നേർക്കാഴ്ച്ചയിലേക്ക്
ഞാൻ മുഖം തിരിക്കും
എന്റെ വെറുപ്പിന്റെ തീച്ചൂളയിൽ
അവന്റെയോർമ്മകൾക്ക്
ഹവിസ്സു പൊലിക്കും.

Comments

Popular posts from this blog