നിദ്രയെന്ന പാതിരാജാരൻ
**********************************

ഉയിരുണർന്നിരിക്കുമ്പോഴെന്റെ
ഹൃദയമടക്കാൻ 
ഓട്ടപ്പന്തയത്തിനെന്നപോലെ
ഒരുമ്പെട്ടെത്തും
കുതിരതുള്ളി
പിടിമുറുക്കുന്ന പിൻവലിച്ചിലുകളെ
കുതറിയെറിഞ്ഞ്
’ശ്ശൊ.... മെല്ലെ മെല്ലെ....ഒന്നു നില്ക്കെ’ന്ന്
കിതപ്പുകളെയപ്പാടെ കുടഞ്ഞ്
കുത്തനെയൊരു സ്വപ്നക്കയറ്റമാണ്!
ചിലപ്പോൾ
ഒച്ചിഴച്ചിലുകളായി
പതുങ്ങിപ്പമ്മി
വശം തിരിഞ്ഞൊരു വരവുണ്ട്
തട്ടിമുട്ടിയെന്തെങ്കിലും
പിടഞ്ഞാലോ ഉടഞ്ഞാലോ
ഓർത്തോർത്തൊരു മയക്കം പുതപ്പിക്കും
ഇടയ്ക്കൊരു പൂച്ചച്ചൊറിച്ചിൽ
തൊട്ടുരുമ്മി മുരണ്ട്
മ്യാവുന്ന് കൊഞ്ചി
പേശികളിലേക്ക്
കരിമ്പൻരോമമുരസി
ഉണ്ടക്കണ്ണുകളിലേ-
യ്ക്കുരുട്ടിക്കൊതിപ്പിച്ച്
പ്രേതപ്പിശാചുക്കളെ
ചൂണ്ടിപ്പേടിപ്പിച്ച്
നീട്ടിയൊരാജ്ഞയാകും...
അപ്പോഴും
ചുരുങ്ങിച്ചുരുണ്ട്
ഒരു ശാഠ്യം
’.... ഊഹും ... പറ്റില്ല’...ന്ന്
തിരിച്ചും മറിച്ചുമെന്നെ
ഉരുട്ടിക്കൊണ്ടിരിക്കും...
നിന്റെ വിരലുംകോർത്തൊ-
തുങ്ങുമ്പോഴേക്കും
’ഠോ’ന്നൊരു ചാട്ടം
ചെറിയതെന്നു തോന്നിപ്പിച്ച്
കാതുവീർപ്പിക്കുമൊച്ച
കൊലവിളിയോ
കവർച്ചഭ്രമമോ
കാമക്കാറ്റോ
കൂർത്തുനീളുന്ന ഭയമുന
കൊളുത്തിക്കൊത്തുമെന്നു
തക്കീത്...
ഉറക്കമേ, ജാരനെന്നു
പറയിക്കാനായി
പാതിരാവിലെപ്പോഴായിരിക്കും
നീയെത്തുക
രമിപ്പിക്കുക
രസിപ്പിക്കുക
എനിക്കൊന്നുടയണം
നിന്നിലേക്ക്.

Comments

Popular posts from this blog