അമ്പുകൾക്കിരയായി….
**********************

ആകാശച്ചില്ലകളിൽനിന്നും
ഞാത്തിയിട്ട പോലെ
ഞാനൊരു
അമ്പേർപ്പലകയിൽ
നിരന്നുകിടക്കുകയാണ്
അമ്പരന്നുപരന്ന്

ഇടകലർന്ന നിറക്കൂട്ടുകൾ
വൃത്തവഴികൾ വരഞ്ഞ്
ലക്ഷണമൊത്ത
ലക്ഷ്യസ്ഥലികൾ
ഒരുങ്ങിക്കിടപ്പുണ്ട്

ആഞ്ഞു തറയ്ക്കുകയാണമ്പുകൾ

ദിശാബോധമില്ലാത്തൊരെയ്ത്തിന്റെ
അവബോധം
ഓരോ അമ്പിൻകൂർപ്പിലും ഒളിച്ചിട്ടുണ്ട്

മുനരാകി
പയറ്റിത്തെളിയും വേളകൾ അകലെയല്ല
വേട്ടക്കാരന്റെ കരുതലുകളിൽ
തീർച്ചയായും
ഒരൊളിയമ്പ്
വിഷയമ്പ്
എന്റെയുള്ളകത്തിന്റെ
വെണ്മയിലേക്ക്
തറഞ്ഞു കയറും

ലക്ഷ്യക്കുരുതിക്കു് മുമ്പ്
ഒന്നിറങ്ങാനായെങ്കിൽ

Comments

Popular posts from this blog