എന്റെ കണ്ണുകൾ നിന്റെ ഊടുവഴികളിലൂടെ യാത്ര ചെയ്തപ്പോൾ…..
**************************************************************************************
കാൽനഖപ്പോറലുകൾ
ചൊറിഞ്ഞ് വികൃതമാക്കപ്പെട്ടതെന്ന്
വെറുതെ തോന്നിയതാകാം

മണൽപ്പരപ്പിൽനിന്നുമരിച്ചരിച്ചു കയറി
മൃദുലമായ കാൽവണ്ണകളിലൂടെ
പരാദത്തിന്റെ ഇഴച്ചിലായി
തെന്നിപ്പിശകി
നോട്ടം പകച്ച്
വഴി തെറ്റിച്ചുപറന്നപ്പോൾ
നിവർന്ന നിൽപ്പിൽ
എത്തിപ്പെട്ട
നിന്റെ മൂർദ്ധാവിലൊന്ന്
ചുംബിച്ച്
കറുത്തുതഴച്ചങ്ങനെ
മുറ്റിവളർന്നങ്ങനെ
ഇടവഴി തപ്പിപ്പെട്ടയിടത്തേക്ക്
തറച്ചൊരു സ്പർശനത്തിലേ
അറിഞ്ഞു ഞാൻ
അവിടെ തൂവെള്ള തന്നെ
പച്ചയില്ല, ചോപ്പില്ല
ഹാവൂ, ഇനിയുമിറങ്ങാമലോ
സമതലത്തടങ്ങൾക്കടിവാരത്തിലേക്ക്
ജലപ്പരപ്പിലേക്ക്
ആഴങ്ങൾക്കും വ്യാപ്തി
തിളങ്ങുന്ന മണികൾ
ഹൊ! മതി ;
വയ്യിനി
കൺകഴച്ചൊരടി നിന്ന്
കറണ്ടടിച്ച പോലെ
സ്തംഭിച്ച്
അനുധാവനം
സ്ഫുലിംഗസ്ഫുരണങ്ങൾ
തട്ടിയും മുട്ടിയും
‘ഒന്നിച്ചാകാ’മെന്ന്
പരസ്പരം ക്ഷണിക്കുമെന്ന്
തീർത്തും സങ്കൽപ്പിക്കാതെ
ഒന്നും ആരും അറിയാത്ത പോലെ
കാണാത്ത പോലെ
കേൾക്കാത്ത പോലെ
നിന്റെയെന്റെയൊന്നായ
യുഗ്മയാത്ര
ഇടവും വലവുമറിഞ്ഞോ
ഇരു ചെവികൾ കേട്ടോ
മനസ്സും മെയ്യുമെങ്ങനെ കുരുങ്ങി
ആഴ്ന്നാഴ്ന്നു പോയ
ഇറക്കത്തിന്റെ
നെല്ലിപ്പടിയിൽമുട്ടി
ഒറ്റക്കുതിപ്പ്
അതോ
തെറിച്ചതോ
ആനന്ദത്തിന്റെ കൊടുമുടിയിലേക്ക്…. !

Comments

Popular posts from this blog