ജലസുന്ദരീ...
****************

-
നീലിമകുടിച്ച ലഹരിയിൽ
നിന്നെയൊന്നു തൊടാനാഞ്ഞ
ഒരു തുമ്പുസ്പർശത്തിലലയിളക്കി
ചിരിച്ചുകുണുങ്ങിയെന്നെ
വാ .... വാ... എന്ന്
മാടിവിളിച്ചതിലേക്ക്
എന്റെ പ്രണയമിറങ്ങി വന്ന നാളുകളിൽ
സുന്ദരിയായിരുന്നു നീ

പാദമിറങ്ങി
മുട്ടോളം
അരയോളം
പിന്നെപ്പിന്നെയെന്റെ
കുളിർമുത്തങ്ങളിലുടഞ്ഞ്
നീയെന്നെപ്പുണർന്ന വ്യാപ്തിയിൽ
തിളച്ചുനിന്ന നിന്നിലേക്ക്
മുങ്ങിയിറങ്ങിയുരുമ്മി
നീന്തിത്തുടിക്കും നേരം
ജലകന്യേ
നീയതിമനോഹരിതന്നെയായിരുന്നു...
സ്വച്ഛമായ അഗാധനീലിമപോലെ
എന്റെയുള്ളകം
നിറം നിറച്ച
മുഗ്ദ്ധശാന്തിനി

ദാഹമെന്നിൽ മൂർച്ഛിച്ചതോ
മോഹഭ്രമത്താൽ നിന്നെയുരിഞ്ഞതോ
കാമലോഭത്താൽ മുകർന്നതോ
ഊർന്നിറങ്ങിയ നിന്റെയടിവയറ്റിലെ
ചരൽപ്പരലുകളെയെണ്ണിയെണ്ണി
നീ വരണ്ടുചാകുമ്പോൾ
തേഞ്ഞൊടിഞ്ഞ മുലക്കാമ്പുകൾ
ചെത്തിക്കോരിയെടുത്തതോ
ശോഷിച്ച നിന്റെ
മേനിവിതാനങ്ങളിൽ
നഖദംഷ്ട്രകൾ
വെറിവരകൾ കോറിയെന്നതോ

നീരാവിയായി നിന്റെയശ്രുക്കൾ
പൊങ്ങിയുയർന്നതെന്തേ
കനത്തശാസനക്കോ
ശിക്ഷാവിധിയെഴുത്തോ
കറുപ്പിട്ട്
മേഘനീതിയായ് കനച്ചത് ?
കൊക്കിക്കുരച്ചുള്ള ചാട്ടം
ജലമുടിക്കെട്ടഴിച്ചു നിന്റെ
ചടുലനർത്തനം
വെള്ളിടിവാൾ വീശി
ഗർജ്ജിച്ച താണ്ഡവം

ചോരപ്പുഴയാർത്ത്
പ്രളയച്ചിരിയലച്ച്
നിന്റെയാഴത്തിലേക്കെന്നെ
വന്നേ... വന്നേ ...
വലിച്ചിറക്കുന്ന
രുദ്രരൂപിണീ
നീയൊരു ജലഭദ്രകാളി...

Comments

Popular posts from this blog