അവൾപ്പെയ്ത്ത്
അവളുടെ ശ്വാസത്തിൽ നിന്നുമടർന്ന
പൊടിക്കാറ്റു തന്നെയാണ്
പടിയിറങ്ങും വഴിയോരത്തെ
ഇലഞ്ഞിമരത്തിൽ
കയറുക്കൂടിയത്
അതുകൊണ്ടാണ്
പനംതത്തകൾ
ഇലഞ്ഞിമരക്കൊമ്പിൽ
ചില്ലക്കൂടൊരുക്കിയത്,
കേട്ടതെല്ലാമേറ്റുചൊല്ലി
തത്തകളവളുടെ
കളിത്തോഴരായത്!
അവളുടെ മിഴിയുപ്പിൽ നിന്ന്
ഒരു തരിയൂർന്നു ചാടിയിരിക്കാം
കടൽപ്പെരുക്കത്തിലിടക്കിടെ
ആർത്തലച്ച്
കദനത്തിരകളെയോർക്കാപ്പുറത്ത്
കടലമ്മ അവളിലേക്ക്
പറഞ്ഞു വിടുന്നത്!
അവളുടെ കരൾക്കര
പക്കങ്ങളിടവിട്ട്
സുനാമിത്തിരകളിൽ
ശ്വാസമടക്കുന്നതും
അതിനാൽ തന്നെ.
അവളിൽ നിന്നും വാടിക്കൊഴിയുന്ന
ഹൃദയമിടിപ്പുകൾ പലതും
മേഘങ്ങൾ
പെറുക്കിയെടുക്കുന്നുണ്ട്...
കദനഗർഭം കൊണ്ട്
കവിഞ്ഞു കറുക്കുമ്പോൾ
നെഞ്ചിടിച്ചു പെയ്യുന്നത്
അവളെയാകമാനം നനക്കാനാണ്...
നോവുകളെന്നുമവളിലേക്ക്
മിന്നിയടിച്ച്
കുത്തനെ ചാറുന്നത്
അവളിടങ്ങളെ
പൊക്കിയൊഴുക്കാൻ തന്നെയാണ്.
Comments
Post a Comment