സൌമ്യം സുന്ദരം
ഗ്രാമ്യം !
----ഗിത മുന്നുര്ക്കോട്----
ഗ്രാമമേ, നന്മ തൻ നിറവിന്റെ പൊരുളേ ,
നീയെന്നിലുടഞ്ഞലിഞ്ഞതാമാത്മ
താളം !
മഞ്ഞിൻ കണച്ചില്ലുകൾ
തൂകിച്ചിരിച്ചും കൊ-
ണ്ടെൻ സ്മൃതിമുകുളങ്ങളെയുണർത്തുന്നു
നീ.
സ്വച്ഛമാം പച്ചിലകളിലഴകിൻ
തിണർപ്പെഴും
ഐശ്വര്യകനികളുടെ
സുരഭില ദൃശ്യപുണ്യം;.
നിറവയൽ നട വഴികൾ
തീണ്ടിത്തലോടുന്ന
നെൻ മണി ഗന്ധങ്ങൾ
തത്തും വരമ്പുകൾ;
കാറ്റു വന്നിക്കിളിക്കൂട്ടുമ്പോൾ
മാംചില്ലകൾ
തലയറഞ്ഞാടിയുതിർക്കുന്ന
തേൻ മാങ്ങകൾ ;
നിറനിരച്ചെറുമികളിൽ,ചേർമണ്ണിൻ പച്ചകളിൽ
തരിവളകൾ കൊയ്യുന്ന
പുഞ്ചയുടെ പാട്ടുകൾ;
കന്നു പൂട്ടും ചെറുമന്റെ
മേനിയിലുറയുന്ന ക്ലേശം
ആയാസശിഷ്ടം മുളപ്പിച്ച
തൂമ്പോലകൾ ;
കനിവാർന്ന തണലുകൾ
കുളിർക്കതിർക്കുടകൾ
അരിയ വല്ലികളരുമയോടുമ്മിക്കും
മല്ലികൾ;
കളകളം രവമധുരമൊഴിയൊഴുകും
കൈപ്പുഴ;
പൂംചോലയ്ക്കപ്പുറമിപ്പുറം
വാസനക്കൈത ;
തുമ്പക്കുടങ്ങളിൽ
തേനുണ്ണും തുമ്പികൾ
വേലിയിറമ്പിലേയ്ക്കിഴയുന്ന
തൂമുല്ല രാഗം ;
മൈതാന വിസ്തൃതി, മുറ്റമതു കയറുന്ന പൂമുഖം
നാലുകെട്ടുമകത്തൊരു
കേളീ നടുമുറ്റവും ;
വേനലിൻ കായ്ക്കറികൾ
തെക്കിനിഞാത്തുകൾ,
വെള്ളരിക്ക, മത്തൻ, കുമ്പളങ്ങത്തൊങ്ങൽ ;
ആട്ടുകട്ടിലിൽ സ്വയം
രമിച്ചാടുന്ന വേളകൾ
ചമ്രം പടിഞ്ഞിരിയ്ക്കും
മരപ്പലകകൾ ;
കൈവീശറി ചാലേ തൂകുന്ന
ചാമരക്കാറ്റുകൾ
പുൽപ്പായ് വിരിയ്ക്കുന്ന വിശ്രമ നിദ്രകൾ ;
മധുര നൈവേദ്യങ്ങളിലയടയപ്പങ്ങൾ
ജന്മനക്ഷത്രപ്പായസമൂട്ടുന്ന
നാക്കിലസ്സദ്യകൾ ;
ശ്രീതിരികൾ കോർത്ത്
കതിർക്കുലത്തോരണം
കൊത്തളങ്ങളിലകങ്ങളിൽ
മൺ കലക്കലപില ;
താഴ്വരത്തോപ്പിലെ
പുല്ലിട്ട മെത്തയിൽ
കുന്തളിച്ചാടിയുമോടിയും
കളിച്ചും തിമർത്തും ;
തലകുത്തി കുട്ടിക്കരണം
മറിഞ്ഞിട്ടു പെട്ടെന്ന്
മാഞ്ഞു മറഞ്ഞുപോം
കുട്ടിക്കുസൃതിത്തരങ്ങളും ;
ഇന്നെൻ സ്മരണയിൽ കിണുങ്ങുന്നു ബാല്യം
സ്നേഹലാളിത്യങ്ങളിൽ
തുഴഞ്ഞെതാം നാളുകൾ ;
എത്ര സുകൃതികൾ , കൊയ്ത്തുകൾ കൂട്ടയ്മകൾ
സ്വച്ഛശ്രേയസ്സിന്റെ
ശ്രീയെഴും ഭാവങ്ങളെ-
ന്റെ പാഥേയങ്ങളിലൊളിപ്പിച്ചു
ഞാൻ വച്ചി-
ട്ടൽപ്പാൽപ്പമിന്നും നുണഞ്ഞു ഭുജിക്കുന്നു
;
അവനിയിൽ വാഴ്വിൻ
സമൃദ്ധിയുടെ ജീവനം
നിറവർണ്ണ കാഴ്ച്ചയ്ക്ക്, നന്മയുടെ വേഴ്ച്ചയ്ക്ക്
ശന്തി തൻ പരിശുദ്ധി
തൻ സത്യാർത്ഥ വാഴ്ച്ചയ്ക്ക്
ഗ്രാമ്യമേ, നീയെന്നുമിന്ദ്രിയ ചോദനം, പ്രചോദനം
!
അവനിയിൽ വാഴ്വിൻ സമൃദ്ധിയുടെ ജീവനം
ReplyDeleteനിറവർണ്ണ കാഴ്ച്ചയ്ക്ക്, നന്മയുടെ വേഴ്ച്ചയ്ക്ക്
ചിട്ടയായവര്ണ്ണനകള്.....നന്നായിട്ടുണ്ട്.
നന്ദി ഷിബൂ, നല്ല വാക്കുകൾക്ക്.
Deleteഗ്രാമ്യഭംഗി
ReplyDeleteകാവ്യഭംഗി
നല്ല വാക്കുകൾക്ക് നന്ദി, അജിത്.
Delete