പ്രിയതരം                       
  --- ഗീത മുന്നൂർക്കോട്---

കാടിന്റെ ക്രൌര്യം കാട്ടി
വന്യം ഗർജ്ജിച്ച്
നിബിഡാന്തരങ്ങളിലൊളിപ്പിച്ച്
സ്വയം പീഡിച്ച് പീഡിപ്പിച്ചതും

കൂട്ടുകെട്ടുകളുടെ കാറ്റിൻ
സംഘഗീതികൾ മൂളി
നർമ്മമർമ്മരങ്ങളാലോമനിക്കപ്പെട്ട്
ഇക്കിളിയിട്ടും മോഹിപ്പിച്ചും
സ്നേഹസൂനസൌരഭ്യമൂട്ടി
മനം വിടർത്തിയതും

സൌഹൃദബാഹുക്കളാൽ
തോൾ വരിഞ്ഞ് നിർമ്മമം
വിദ്വേഷദംഷ്ട്ര, വിഷനീലയായി
കരളിൽ കുത്തിയിറങ്ങിയതും
ഹൃദയച്ചുവപ്പൂർന്ന്
വ്യഥയിലലിഞ്ഞതും

പരിഹാസദ്യോദകമായി
അക്ഷരങ്ങളെ വികൃതമാക്കി
വാക്കുകളെ വികലരാക്കി
ബാഹ്യവൈകല്യങ്ങൾക്ക്
പുച്ഛവൃഷ്ടിയേറ്റു വാങ്ങിയതും

എന്റെ കവിതേ
നീ തന്നെയെന്നറിയുമ്പോൾ
എനിക്ക്
നിന്റെ
ബാഹ്യവൈകല്യത്തിലും
മറഞ്ഞ്
ഒളിച്ചു കളിക്കുന്ന
വശ്യതയോടാണ് പ്രിയം.


Comments

  1. പലരും പല രീതിയിലല്ലേ എഴുതുക , പല വിഷയങ്ങളും

    ReplyDelete
  2. എന്‍റെ ദൈവമേ എത്ര ലളിതമായ വരികള്‍

    ReplyDelete

Post a Comment

Popular posts from this blog