ഞാൻ ഇടക്കൊക്കെ വെറും സ്വപ്നങ്ങളിലേക്ക് യാത്ര പോകാറുണ്ട്


ചില ഇടവേളകളിൽ
ഞാൻ ഒരു വീടാകാറുണ്ട്
കൂറ്റൻ ബംഗ്ലാവായി
വിലപ്പെട്ട കണ്ണാടിത്തറയിൽ
മുഖം നോക്കി മിനുക്കി
ചമഞ്ഞ് നിൽക്കാറുണ്ട്
സൌന്ദര്യം കൊത്തിയ
മരപ്പാവപ്പണികളോട്
മന്ദഹസിക്കാറുണ്ട്
വിസ്തരിച്ച വരാന്തയിടങ്ങളിൽ
കാറ്റിൽ മേയാറുണ്ട്
ബാത് ടബ്ബുകളിൽ ശയിച്ച്
സ്വപ്നങ്ങളിൽ മുങ്ങിക്കുളിക്കാറുണ്ട്
പട്ട് വെട്ടങ്ങളുടുത്ത്
മോഹിനിയാകാറുണ്ട്
താളമിടുന്ന കിങ്ങിണിക്കട്ടിലിൽ
ഊഞ്ഞാലാടാറുണ്ട്
കുശിനിത്തറവാടിരുചികളെ
ഉമിനീരിറക്കി വിഴുങ്ങാറുണ്ട്
സിന്തറ്റിക് പൂക്കളെ
ഉമ്മിച്ച് കൊഞ്ചിക്കാറുണ്ട്

അപ്പോഴുമെപ്പോഴും
നീരസപ്പെട്ട്
യാത്രകളിൽ നിന്ന് മടങ്ങുന്നുമുണ്ട്
ഒന്നുമെടുക്കാതെ
മടുപ്പോടെ

Comments

Post a Comment