തേങ്ങ വീഴുമ്പോഴും ഒരു രാഷ്ട്രീയം
*********************************
വേണ്ട വേണ്ടെന്നൊരു
താഴ്മയിൽ
ഉള്ളടിഞ്ഞ സ്നേഹമുണ്ടായിരുന്നു
നിനക്കായ് കൊഴുത്തതെന്ന
ഓർമ്മപ്പെടുത്തലും
ചതച്ചാലും പിഴിഞ്ഞാലും
നിനക്കായ് മാത്രമെന്ന്‍
പറയും പോലെയെന്തോ ഒന്ന്...
പ്രായമളന്ന്
മൂപ്പ്
ഞെക്കി വീർപ്പിച്ച്
അള്ളിപ്പിടിച്ചധിനിവേശിച്ച്
പറിച്ചെറിയപ്പെട്ട
ഊക്കിൽ
കനമുള്ളതായിരുന്നു
ഇല്ലയധികമെന്ന
ഓർമ്മപ്പെടുത്തൽ സാക്ഷി
നാളെക്ക്
കെട്ടു പോകാൻ വിധിച്ച്...
രാത്രിഞ്ചരന്മാർ
ഉന്മാദം മൊത്തിയ
തുളയിലൂടെ
അകമില്ലാപ്പുറം കാട്ടി
'പേട് പേടെ'ന്ന്
കപ്പക്കളത്തിലടിഞ്ഞതും...


ഋതുക്കൾ മാറി മാറി
പരീക്ഷിച്ചുജയിപ്പിച്ച
കൂരു പ്രായത്തിലും
കുടം തുളുമ്പുമാറ്
മുഴുപ്പെത്തി
പലവഴിപലവക
കൺവെച്ച്
ഉടമസ്ഥനു മാത്രമായി
നീക്കുപോക്കു വരുത്തി
അറുതിയും വറുതിയും
കൽപ്പിച്ചൊരു
സുഗമപ്രയാണം
അതുമൊരു
താഴ്ച്ചയിലേക്കുള്ള
വൻവീഴ്ച്ച...!

Comments

Popular posts from this blog