കടലായ്…….തിരകളായ്…….
ഗീത മുന്നൂര്‍ക്കോട്

കണ്ണുകള്‍ നാലെണ്ണമിടഞ്ഞെന്നാരോ പറയുന്നൂ…..
ഒളികണ്മുനകള്‍ പ്രണയം കോര്‍ത്തെന്നാരോ കാണുന്നൂ…
ഇരുകൈകള്‍ ഇണകോര്‍ത്തെങ്ങുമുലാത്തുന്നെന്നും പറയുന്നൂ…….

മിന്നും പുഞ്ചിരിമധുമധുരങ്ങളില്‍ പ്രണയം പൂക്കുന്നൂ…..
ഹൃദയത്തിന്‍ നടുമുറ്റത്തുയിരിന്‍ പൂക്കള്‍ വിരിയുന്നൂ…..
പൂന്തോപ്പുകളില്‍ പുഴയോരങ്ങളിലവരെക്കാണമെന്നും പറയുന്നൂ…..

പ്രേമപരാഗം വിതറിച്ചിതറി മൊട്ടുകള്‍ പൊട്ടുന്നൂ….
തെന്നല്‍പ്പാട്ടിന്നീണം മീട്ടാന്‍ കൂട്ടം കൂടുന്നൂ…..
പ്രണയപ്പുതുമകള്‍ ചുംബനമാകുന്നെന്നും കേള്‍ക്കുന്നൂ……

കാമക്കൂമ്പുകളുള്ളമെരിച്ച് പൊട്ടിപ്പടരുന്നൂ…..
ഹൃദയക്കാമ്പുകള്‍ നുള്ളിക്കൊത്തി പ്രണയം ചാറുന്നൂ…..
കുളിരാ, യലയായ് പ്രേമം തുള്ളിത്തള്ളി നനച്ചെന്നറിയുന്നൂ……..

ദിക്കുകളൊന്നായ് താളം കൂട്ടി, പ്രേമത്തിന്നീണം മുറുകുന്നൂ……
നീര്‍ച്ചാലുകള്‍, നദികള്‍ച്ചേര്‍ന്നൊരു കടലായൊഴുകുന്നൂ…..
ഇരമ്പും കാമക്കോളുകള്‍ മുട്ടിയുലഞ്ഞെന്നാരോ പറയുന്നൂ………


പ്രണയക്കടലിന്‍ ദൃഢബാഹുക്കളിലാശകളമരുന്നൂ……
അവരൊന്നായ് സ്നേഹക്കടലില്‍ മുങ്ങീട്ടെങ്ങോ മറയുന്നൂ……
അവരുടെ സ്നേഹം പൂത്ത വസന്തം പരാഗമെറിയുന്നൂ……..!


Comments

Popular posts from this blog