ശരികളുടെ കൂടോത്രം

---ഗീത മുന്നൂർക്കോട്---

പലവട്ടമാവർത്തിച്ച്
ചമച്ചു പഠിച്ചാണ്
അവതരിപ്പിച്ചത് ,
എന്നിട്ടും

അച്ഛൻ
അമ്മ, അമ്മമ്മ
മുത്തച്ഛൻ
ഏട്ടത്തി
ഏല്ലാർക്കും ശരികളേ അറിയൂ

...ഹും..അഹങ്കാരി
തന്നിഷ്ടത്തിന് നടക്കാനും
മാത്രം എന്റെ മാനം തുലക്കാൻ

ഞാനെത്ര വട്ടം ഉപദേശിച്ചതാ
ന്നിട്ടുംന്റെ കുട്ടീ..നീയിങ്ങനായല്ലോ
ഒരമ്മത്തേങ്ങലിന്റെ സൂചിക്കുത്ത്
നന്നായേൽക്കുന്നുണ്ട്

ഹും..വളർത്തു ദോഷം
കുടുംബത്തിന്റെ അന്തസ്സിന്
ചേർന്നതാണോഇപ്പയീ കാട്ടീത്
പെൺകുട്ട്യോളായാത്തിരി
അടക്കോം ഒതുക്കോം വേണംന്ന്
എത്ര വട്ടം ഓതിക്കൊടുത്തതാ

നിക്കും കൂടെത്രധൈര്യം പോര
മൂത്തോളായ ഞാൻ
ഇങ്ങനെ നിക്കുന്ന വിചാരോം
കുട്ടിക്കില്ലാതെ പോയീലോ

ശരികളെല്ലാം ചേർന്നൊരു    
കൂടോത്രം.

ശരിയല്ലാത്തതെന്ന്
വിധിക്കപ്പെട്ട്
സാക്ഷയിടപ്പെട്ട ചെറിയൊരു ശരി
തൂങ്ങിയാടുന്നത്
നേരിന്റെ സുഷിരത്തിലൂടെ കണ്ട്
പുലരിക്കോഴി
പേടിച്ചരണ്ട്
തലയാർത്തു കൂവി.Comments

Post a Comment