യാത്ര
--- ഗീത മുന്നൂർക്കോട് ---

അച്ഛൻ താക്കീതുകളുടെ മുനയൊടിച്ച്
അമ്മനോട്ടങ്ങളുടെ തീണ്ടൽവേലികളെടുത്ത് ചാടി
പ്രണയം ഉന്മാദ വഴികളിലേക്കൊളിച്ചോടി
അല്പസുഖയാനങ്ങളുടെ കൊളുത്തുകളിൽ തൂങ്ങി
ജീവിതവണ്ടിയിൽ കുതിച്ചോടിയത്.

പുറപ്പെട്ടിറങ്ങുമ്പോഴത്തെ
ഉത്സാഹമൂർദ്ധന്യത്തിലുടഞ്ഞു പോയിരുന്നു
കദനം കവിഞ്ഞ തനിമയുടെ പതർച്ചയും
കുടുംബമാനത്തിന്റെ മൊന്തായം താങ്ങി
ചിലച്ചിരുന്ന ഗൌളിയുടെ വെപ്രാളവും
മുത്തശ്ശിസ്നേഹത്തിന്റെ പഴംകഥയും
വീടും കവച്ച് വളർന്ന് പെരുത്ത
ഏട്ടത്തിയുടെ കനൽശ്വാസങ്ങളും

മടക്കയാത്രയുടെ മാറാപ്പിലുണ്ട്
മരിച്ചു പോയ പ്രണയസ്വപ്നങ്ങൾ.
Comments

  1. മടക്കയാത്ര സമൃദ്ധമാകണമെന്ന ആഗ്രഹത്തോടെയായിരിയ്ക്കും തുടക്കം

    പക്ഷെ...!

    ReplyDelete

Post a Comment