പുതിയ പെണ്മ
*************************
ഗാഢനിദ്രയിലാകും അവൾ
പുലരി പൊടുന്നനെ
ചാടിവീഴുകയാണു പതിവ്
കാതുകളപ്പോൾ
നീണ്ടുപോകുന്നത്
കുയിൽ വിളികളിലേക്കാണ്
നോട്ടം കുരുങ്ങാൻ വെമ്പുന്നത്
മുറ്റത്തെയെച്ചിൽ കോരാൻ
മടിച്ചു പിച്ചവക്കുന്ന
കാക്കക്കറുമ്പിയിലാണ്.
അന്ന്
എന്തോ ഹരമായി
തുളയ്ക്കുന്നപോലൊന്ന്
നാലുംചേരുന്ന കവലയിൽ
കലപിലക്കൂട്ടം
ഇരമ്പിവന്നതിൽ തങ്ങി
മെല്ലെയവൾ
തുറിച്ചുനിന്ന ഭയക്കണ്ണുകൾ
അടച്ചുറപ്പിലേക്കു വലിച്ചിട്ടു
ആൺമുഷ്ടികൾ മുറുകുന്ന
പല്ലിറുമ്മലുകൾ കുറുകുന്ന
അപശബ്ദത്തിലവൾ വിറച്ചനിന്നു
’പെണ്ണേ നീയെന്നുമകത്തെ’ന്ന്
മുഷ്ടിക്കുള്ളിലവളുടെ
ശ്വാസംപിടക്കുമ്പോൾ
അകത്തൊരു
കനൽ
ചെമക്കുന്നു
അതിൽനിന്നും
ഒരു പന്തമാളുന്നു
ഉച്ചത്തിലൊരു ദുർഗ്ഗ
അഗ്നിച്ചിറകുവിരുത്തുന്നു
ഉരുക്കമുഷ്ടികൾ തുരന്ന്
സമത്വഗീതം മൂളി
അവൾക്കൊപ്പം
പിറവിപ്പറവകൾ!
*****************
Comments
Post a Comment