ആ ഗാനം 
*************

നിന്റെ മിഴിത്തിളക്കം
അതിൽനിന്നും
ഒരുമന്ദമധുരശ്രുതിയൊഴുകുമ്പോലെ ...

ഞാൻ ചാടിയിറങ്ങുന്നു
ഗാനസൈരന്ധ്രിയിലേക്ക്
നിന്റെ ചെഞ്ചുണ്ടുകൾകവച്ചുവരുന്ന
സ്വനചുംബനങ്ങളിലേക്ക്

അമ്മിഞ്ഞ ഞൊട്ടുന്ന -
യിളംകുഞ്ഞിലേക്കുള്ള ലാളന
മിഴിക്കൊള്ളാനെന്നപോലെ
ഒരു തംബുരുവായി 
നിന്റെ മടിയിലേക്കു ഞാൻ ചായുന്നു

നേർത്തുവരുന്നയെന്റെ
ഉടൽരോമാഞ്ചത്തിന്റെ
കമ്പിയിഴകളെ നീ തൊട്ടുണർത്തുന്നു.

നിനക്കൊപ്പമൊരു സുഖദസാന്ദ്രതയിൽ
ഒരു ഗാനശകലമാകുന്നു ഞാൻ

അലസസുഖത്തിൽനിന്നും
ദ്രുതതാളത്തിലേക്കു നീ ചുവടുമാറ്റുമ്പോൾ
മുറുകിവരുന്നു, കമ്പനങ്ങൾ!

നീ നയിക്കുമ്പോൾ
ഞാനതിൽ ലയിക്കുമ്പോൾ
ലഹരിയുടെ ശൃംഗദൈർഘ്യത്തിന്
സീമയെങ്ങ് !

Comments

Popular posts from this blog