ഭരണി

…….. ഗീത മുന്നൂറ്ക്കോട് ………….മൂടി വച്ചിരുന്നു
ഹൃദയത്തിലേതോ കോണില്‍
ശൂന്യസ്ഥലികളിലെ ഇരുട്ടറകളില്‍
തിരിച്ചറിവുകളുടെ ഭരണി……..

ഭഗ്നസ്വപ്നങ്ങളുടെ കണ്ണുനീരുപ്പും
ജീവിതാസക്തിയുടെ ചുവപ്പെരിവും
കൂട്ടിത്തിരുമ്മി
അനുഭവങ്ങള്‍ കൊത്തിയരിഞ്ഞ്
പലവിധ ബന്ധബന്ധനങ്ങളുടെ
ചേരുവകള്‍ക്കൊപ്പം കൂട്ടിത്തിരുമ്മി
ആയാസക്കൊഴുപ്പും താളിച്ച്
കൊച്ചുകൊച്ചു വര്ത്തമാനങ്ങളുമായി
എന്റെ കവിതകളെയിട്ട്……….
ഭരണിവായ മുറുകെ കെട്ടിയിരുന്നു ഞാന്‍………..

തുറക്കുകയാണിനി -
പാകം വന്ന പഴം മണത്തെ
ആരാനും കൊതിച്ചോട്ടെ –
ലഹരിക്കൊപ്പം തൊട്ടു കൂട്ടട്ടെ –
അല്ലെങ്കില്‍, പൂപ്പലടിച്ചോട്ടെ –
വാഴച്ചോട്ടില്‍ തട്ടിയിട്ടോട്ടെ –
ചീഞ്ഞു മണ്ണില്‍ ചേര്‍ന്നോട്ടെ …….
ഞാനിവരെ
സ്വതത്രരാക്കുന്നു;
ഇനിയിവര്‍
പുത്തന്‍ വെട്ടം ശ്വസിക്കട്ടെ……….

Comments