ദയാവധം
****************
ശ്വാസം മുട്ടി
നെഞ്ചെല്ലുകൾ
കൂട്ടിയിടിച്ച്
കിടപ്പാണ്
കവിത
വിശകലനപ്പുറത്ത്

വയറ്റിൽകടിയെന്ന്
ക്ഷണനേരത്തിന്
ഒരു ശ്വാസം
തേങ്ങുന്നുണ്ട്.

ഉഷ്ണിച്ച്
വിയർത്തതാകാം
കുളിരു നനഞ്ഞതാകാം
പേടിപ്പനി മൂത്രം
കിനിഞ്ഞതുമാകാം
ആസകലം
നീരും പൊടിഞ്ഞ്
കടലാസുവിരിപ്പ്
നനഞ്ഞു
കുതിർന്നിട്ടുണ്ട്

നൊടിനേരം
തുറിച്ചുരുട്ടി
ഭയം വീർപ്പിച്ച്
തിളങ്ങി
നീരും കോരുന്നു
മിഴിക്കിണറുകൾ..

പരിശോധനാ
തത്വങ്ങളെല്ലാം
മരവിച്ചു പോയി
തൂലിക വിറക്കുകയാണ്
കീറി മുറിക്കണോ
സൂചി കയറ്റണോ
വായു ക്ഷോഭ ഗുളിക
പൊടിച്ചരച്ച്
നാവിലിറ്റിക്കണോ

മെശപ്പുറം
പൂർവ്വാധികം
കമ്പിക്കാൻ തുടങ്ങുന്നു
നോവിന്റെ ഭ്രാന്തെടുത്ത
കവിതയെ
കീറി മുറിച്ച്
ദയാവധമാകാം
ദഹിപ്പിക്കുകയുമാകാം


പോസ്റ്റ് മോർട്ടം ക്ലീൻ !  !

Comments