ഏകാകിയുടെ നാവ്
*********************************
അയാളുടെ നാവ്
മരിച്ചിട്ടേറേ നാളുകളായി

കേൾക്കാനും
കേൾപ്പിക്കാനും
കേൾപ്പിക്കപ്പെടാനും
ചുറ്റിലുമൊന്നുമില്ലാതായ
ഇടങ്ങളിൽ
അയാളിൽ നിന്നും
അയാളിലേക്കും
ഒന്നുമില്ലാതായിട്ട്
ഏറെയായി

വാക്കുകൾ കുമിഞ്ഞ
സമ്പത്ത്
സിരകളിൽ
ആവോളമുണ്ട്
നാവിലേക്കിറങ്ങാൻ
ഒന്നു തെന്നി
വീഴുകയെങ്കിലും ചെയ്യാൻ
ഒന്നു പോലുമില്ല വാക്ക്.

തലയ്ക്കകം
ഭയകമ്പനങ്ങൾ
കുലുക്കിയടുക്കാനും….

അതല്ലായെങ്കിൽ
മൌനത്തിന്റെ
ശീതച്ചാലിൽ
അഴുകിയലിയാനും
എന്നോ തുടങ്ങിയതാണ്

നാവടക്കിയാലും
വാക്കിനെ
ചലിപ്പിക്കണമയാൾക്ക്

വിരലുകളിലൂടൊഴുകി
ഏകാകിയുടെ തൂലികയിൽ.
വിരിഞ്ഞേക്കാം

ഒരു കവിതപ്പൂ

Comments

Popular posts from this blog