തമോഗർത്തത്തിൽ നിന്നുയിർക്കാൻ
*******************************
             
ഇന്നു ഞാനെന്റെ നാടിൻ ചത്ത വൈഭവത്തിന്റെ
നഗ്നമായുള്ള നുണച്ചിത്രം രചിക്കണോ…..
ചോരയിറ്റീടുന്ന കദനക്കറുപ്പിൻ മഷിത്തുള്ളി
കുത്തി നിറയ്ക്കണോ നാരായക്കുഴലിതിൽ ?

കാലമല്ലോ കളിച്ചു രസിച്ചു കുടഞ്ഞിട്ട്
മറവിയിൽ മുക്കുകെന്നാംഗ്യാംഗുലിയാലെ
സുഖദമാമോരുപരിതലതല്പത്തിൽ
സ്വപ്നപ്പരൽ വെട്ടം പരതിയലയണോ….?

ശിലീഭൂതയാമം, ശിലാഹൃദയഭാര,മെവിടെ --
യെങ്ങു തടഞ്ഞു പിൻമാറണം ഞാൻ.
മൃഗാന്ധമാകുന്ന മാനവ രുദ്രഭാവങ്ങളിൽ
ഏതൊഴുക്കിൽ ഞാൻ കലർന്നൊഴുകിടേണം?

അധ:കൃതവേരുകൾ, മിഴിനാഡീനാരുകൾ
വാഞ്ഛാശ്വയാഗ മൃഗയാ വിനോദങ്ങൾ
എവിടെ ഞാൻ പരതണം സൃഷ്ടിപാരമ്യം
എങ്ങുണ്ടുറവയായ് പ്രേരണാമൃതം സ്രവം

പേടികൾത്തൂങ്ങിയെൻ തോളെല്ലു താഴുന്നു
ധൂമനിശ്വാസങ്ങൾ കറുത്താവിയാകുന്നു
ഞാനെന്റെയുള്ളിലെ വെട്ടത്തെയൊട്ടാകെ
വെട്ടിത്തിരുത്തുന്ന വാൾമുനയാകണോ

കറുക്കാൻ മടിക്കുന്ന മുലഞെട്ടിൽ ഞാൻ
കാണുന്നതിന്നൊരു പെണ്ണിൻ കാമാഗ്നി ദാഹം
ആന്ധ്യംകുടിച്ചുള്ള സ്വാർത്ഥമാം ലഹരിയിലെ
ഹത്യക്കുരുക്കിൽക്കുരുന്നിന്റെ പ്രാണൻ !

കനലുകൾ പൂക്കുന്നു വെയിൽമരക്കൊമ്പിൽ
തണലില്ലാതാശ്രയം കാണാതെയുലയുന്ന
ദാഹക്കൊടുമുടി കത്തിപ്പിളർന്നു കരയുന്ന
ജീവൻ പിടയുന്ന ലാവയിൽ മുങ്ങുമ്പോൾ

ഇവിടെ വിമ്മിട്ടത്തിൽപ്പുതഞ്ഞുപുളക്കുന്ന --
തെന്നുടെയാത്മചൈതന്യം  കെട്ട നൈരാശ്യം
ഇരവിൻ തടങ്ങളിൽ വെളിച്ചം ഞാൻ തപ്പുന്നു
വൈരാഗിയുടെ വൈക്ലബ്യം പേറുന്നെന്നാത്മം

ഹുങ്കിന്നിരുൾപ്പടം നിവരുന്നതിൽ ഞാൻ ദൃഷ്ടി
പ്രാകിയോ കോറണം വക്രവൃത്തങ്ങൾ

വൻ  തമോഗർത്തം വായ് പിളർന്നെത്തുമ്പോൾ
നേരിനെയുണർത്താനെൻ മനം കുതിക്കുന്നു
പുലരിപ്പൊന്നൊളിയെ വാഴ്വായിക്കാണുവാൻ
പുഞ്ചിരിപ്പൊലിയോടെ സ്നേഹത്തെ വാഴ്ത്തുവാൻ!
Comments