പരിഭവങ്ങൾ പേച്ചുന്ന വീട്

**************************************************

അകം നിറയുന്ന ശ്വാസങ്ങളിലേക്ക്
ഇറങ്ങി മുങ്ങുന്നതൊന്നും
ഉച്ഛ്വസിക്കുന്നേയില്ല
അകം വേകുന്നതൊന്നും
പുറം തള്ളുന്നില്ലാരും...
ചുമരുകൾ വിയർക്കുന്നേയില്ല


പകലിന്റെ പോരിൽ
ഇരവും പകലും മാറ്റി പേരിട്ടു വിളിച്ച്
തട്ടും മുട്ടും അലസമൂറ്റിപ്പാറ്റി
മുറുക്കിക്കുറുക്കുന്നു
കിടപ്പറകളിലേക്ക്
കൂർക്കം വിളിച്ചും കൊണ്ട്...
അകവും പുറവും
വകതിരിവു കെട്ടു തണുക്കുന്ന
അറകളിലേക്ക്
കാലം ശങ്കിക്കുന്നെന്ന്
ചുമരുകൾ വിയർക്കുന്നേയില്ല

ലോകമൊട്ടാകെ
ഇവരലഞ്ഞു തുലച്ച നാളുകളിലെ
എല്ലാ വെട്ടങ്ങളേയും
കട്ടും കൊണ്ടു വന്ന്
ഒളിപ്പിച്ചതാകണം
വീട്ടകം ഉറങ്ങുന്നേയില്ല
ഇരിട്ടിലേക്കു പുറം തിരിഞ്ഞ്
വെറുതെ കുരച്ചും കൊണ്ട്
എന്നിട്ടും
ചുമരുകൾ വിയർക്കുന്നേയില്ല

രാവുറക്കങ്ങളെയെല്ലാം ജപ്തി ചെയ്ത
കടും പിടിത്തം
ഇളകിക്കൊഴുക്കുന്ന
ശബ്ദസാഗരത്തിൽ
പ്ലും പ്ലും പൊള്ളത്തുടിപ്പുകൾ
കുട്ടിക്കരണം കുത്തി
തിളച്ചു മറിയുന്ന
ആട്ടവെളിച്ചങ്ങളിൽ
കാലം തളർന്നു മറിയുമ്പോൾ
വെറും അടച്ചുറപ്പു മാത്രമാണ്
ചുമരുകൾ വിയർക്കാത്ത
ഈ ... വീട്

കവിതയിലേക്ക്
വീണു മരിക്കാറായ
ഏതോ ഒരു ലഹരി മാത്രം
ഒരു മൂലക്കിരുട്ടിൽ
വിങ്ങിമുട്ടി
കരിമ്പടം പുതച്ചുറങ്ങുന്നുണ്ട്

ഈ ചുമരൊന്നു വിയർക്കാൻ
തട്ടിയുണർത്തണമൊരു
ചടവിനെ,
അക്കരപ്പച്ചയെന്നു
തോന്നിക്കുന്നുണ്ടെങ്കിലും...
ശ്വേദം പൊടിയണമിവിടംComments