എഴുത്തുറവ
******************

കുറ്റിയടിച്ചു നില്പാണ്
നിരീക്ഷണക്കോണുകളിൽ
നോട്ടങ്ങൾ

ചുറ്റി വരിയുന്ന
ചുരുണ്ടു കോടിയിരുന്ന
ചുരുളുകൾ
നിവർന്നത്
അതു കൊണ്ടു തന്നെ

വാക്കുകൾ പലതും
കത്രിച്ചെടുത്തു
കേമത്തങ്ങൾക്കൊരു
കോളർക്കനമായിക്കോട്ടെ

അരാഷ്ട്രീയമായി
ഖാദിത്തരങ്ങൾ
വടി പോൽ
നിവർത്താനുമുതകും
ചിലപ്പോൾ
ചിന്തകൾക്കെന്നറിഞ്ഞു

പോക്രിക്കുപ്പായങ്ങൾക്ക്
കൊച്ചു വിക്രിയകൾ
കുഞ്ഞക്ഷരസൂചികളിൽ
വലിഞ്ഞു കേറി

ഭീമൻ വാങ്ത്തോരണങ്ങൾ
വേണ്ടെന്നു ശഠിച്ചിട്ടും
അനുസരണക്കേടിന്റെ
മുഴച്ചു നിൽപ്പുകളായി

പിച്ചക്കോമരങ്ങളുടെ
നീണ്ടു വന്ന മെലിഞ്ഞ
അല്പായുസ്സുകൾ
കറ്റലാസ്സിലേക്കിറങ്ങി
കുത്തിയിരുന്നത്
 അറിയായ്കയല്ല.

കീറലുകളേച്ച
കണ്ണീർത്തയ്യലുകൾ
മതിയെന്ന യാചന
ഉയിരിനെയും
വിറപ്പിച്ചു കളഞ്ഞു

വെട്ടിയും നുറുക്കിയും
ഏച്ചും തയ്ച്ചും
ചേലകൾക്ക്
വൈവിധ്യത്തിന്റെ
നാട്യങ്ങളാടാം

കോപം താപം ധാർഷ്ട്യം
അലസം വിരസം
കറയിട്ട്
നിരീക്ഷങ്ങളേ
എത്രയുരിഞ്ഞാലുമുണ്ടാകും
നീരാർന്ന്

ഉണ്മയുടെയൊരുറവ.

Comments

Popular posts from this blog