മൗനത്തിന്റെ ശീലുകള്‍


 മൗനത്തിന്റെ ശീലുകള്
ഗീത മുന്നൂറ്ക്കോട് -

ശീലിച്ചുപോയി 
കീഴ്വഴക്കങ്ങളുടെയും
അടിമത്തത്തിന്റെയും ശീലുകള്‍.
എന്നും മൗനത്തിലലിയുന്നു
കീഴ്പ്രജയുടെ നിറം പോയ
ജീവിതപത്രത്തിലെ കറുത്ത വരികള്‍........

അടിമപ്പെണ്ണിന്റെ 
ഇടനെഞ്ചിലിടിയ്ക്കുന്ന
ഇടയ്ക്കത്താളവും
മാനക്ഷതങ്ങളില്
വെന്തുടയുന്ന
ശോകം തിളയ്ക്കുന്ന രോദനങ്ങളും
അലിഞ്ഞുചേറ്ന്നിട്ടുണ്ടതില്‍.

പാതയോരങ്ങളില്
ഇളം പൈതലിന്റെ
ഗ്രഹണിപ്പിഴവകറ്റാന്
തെരുവിലൊരമ്മയുടെ
മോഹം വിതുമ്പുന്നുണ്ടതില്‍......

കുതിരക്കുളമ്പടി തുള്ളി വരുന്ന
ചാട്ട വീശലുകളീല്
അല വിളിയ്ക്കുന്നുണ്ടീ ഗീതം.......
അതേയീണം.....

കാലം പകിട കളിച്ച്
പരസ്പരം തിരിച്ചും മറിച്ചും
മേലാളനും കീഴാളനും
മാറിയും മറിഞ്ഞും
ആലപിയ്ക്കുന്നിന്നും
ഇല്ലായ്മയുടെ
വല്ലായ്മയുടെ
ശിരസ്സുതിറ്ക്കുന്ന വഴക്കങ്ങളുടെ
മോചനം കാംക്ഷിയ്ക്കുന്ന
മൗനശീലുകള്‍........

Comments