ഒലികള്‍ , മാറ്റൊലികള്‍….






ഒലികള്‍ , മാറ്റൊലികള്‍…..
          --- ഗീത മുന്നൂര്‍ക്കോട് ----

ഞാനെന്റെ കണ്ണൊന്നു ചിമ്മീ…….
കരളിന്റെയുള്ളറക്കെട്ടില്‍ കദനത്തിന്‍
കണ്ണുനീര്‍ച്ചാലൊന്നു കീറി………
കണ്‍കളിലിരവു പടര്‍ന്നൂ…………

ഞാനെന്റെ കണ്ണൊന്നു ചിമ്മീ……

കാര്‍മുകില്‍ക്കരിവണ്ടുകള്‍ നീളെയുലാത്തീ
കച്ചിത്തുരുമ്പു പുണരാന്‍ കൊതിച്ചവ -
രാഴിയില്‍ വീണു പിടഞ്ഞൂ……
അലവിളി കൊട്ടിത്തകര്‍ന്നൂ…….
തെളുതെളെ തുള്ളിത്തിളങ്ങുന്ന തുള്ളിയാ-
യാഹ്ളാദവായ്പില്‍ ചിരിച്ചൂ………..
കരയെപ്പുണര്‍ന്നൂ……..

ഞാനെന്റെ കണ്ണൊന്നു ചിമ്മീ…….

കുളിരും കൊണ്ടുടലു
കുതിര്‍ന്നൂ,…..ഭൂവിന്‍ തപ്താശ്രുകണജാലം
പാളിപ്പൊഴിഞ്ഞൂ……പൊലിഞ്ഞൂ……..
പുഴപോലെ – ചേര്‍മണ്ണിന്‍ ചിരിപോലെ
ചാലുകളൊന്നൊന്നായൊഴുകീ…. ,
നുരചിന്നിപ്പാഞ്ഞൂ………

ഞാനെന്റെ കണ്ണൊന്നു ചിമ്മീ…….

അനിലന്റെയാശ്ലേഷരാഗക്കുടുക്കയാ-
യലമാലകന്യ പുളകം കൊരുത്തൂ…….
രമിച്ചൂ….രസിച്ചൂ….
കാര്‍കൊണ്ടല്‍ മൂടി മയങ്ങീടുമക്കരെ
ത്തീരമിന്നായിരം വര്‍ണ്ണങ്ങള്‍ ചുറ്റീ
വില്ലും കുലച്ചൂ……….

ഞാനെന്റെ കണ്ണൊന്നു ചിമ്മീ…….

ഭൂമി തന്‍ ഗദ്ഗദത്തംബുരുമീട്ടി
നര്‍ത്തനവേദിയൊരുങ്ങീ………
വിണ്ടലമിരവിനെപ്പുല്കീ……
ഘനജാലം കേളികളാടീ…..
നൃത്തവും തത്തീ !
വാര്‍മഴവില്ലു വിടര്‍ന്നൂ…….
വര്‍ണ്ണത്തിന്‍പത്തി വിരുത്തീ
ചേലില്‍ മുരളികയൂതിക്കൊണ്ടോതി
ആടൂ…ഏവരുമാടൂ……….

ഞാനെന്റെ കണ്ണൊന്നു ചിമ്മീ…….

ഉല്‍ക്കടതാപത്താലൂളിയിട്ടെത്തി
കലിതുള്ളുമൊരു ഭൂതച്ചുഴലി !
അതു കനലുകള്‍ കോരിയൊഴിച്ചു…
കദനക്കരടുകള്‍ കത്തിജ്ജ്വലിച്ചൂ…..
കണ്‍കളിലിരവു പടര്‍ന്നു ,
കാറ്റതിന്‍ കൂത്തു തുടര്‍ന്നൂ…

ഞാനെന്റെ കണ്ണൊന്നു ചിമ്മീ…….

കുമിയുമെന്‍ കാമവും മോഹവും
ദാഹവും  മനതാരില്‍ തുള്ളിത്തുടിച്ചൂ…
മാനസഗേഹഗൃഹസ്ഥരാം കൊച്ചു
വികാരത്തിടമ്പുകള്‍ കേണൂ മുരണ്ടൂ….

ഞാനെന്റെ കണ്ണൊന്നു ചിമ്മീ…….

കോപ്പുകള്‍ പേറി ഞാനുന്നിദ്രഹര്‍ഷാലഭിരമി-
ച്ചുന്മത്തയാകാന്‍ മദിയ്ക്കാന്‍ കൊതിച്ചൂ !
പ്രാകൃതരമ്യപ്രപഞ്ചപ്രതിരൂപബിംബത്തെ-
യുള്ളില്‍ പ്രതിഷ്ടിച്ചു മുത്താന്‍ കുതിച്ചൂ…..!

ഞാനെന്റെ കണ്ണൊന്നു ചിമ്മീ…….

കുതികൊള്ളുകെന്നോമല്‍ കൗതുകക്കുഞ്ഞേ
കുളിര്‍ കോരി കതിര്‍ ചൂടിപ്പാറിപ്പറക്ക്..
ഹൃദയം തുറന്നു നീയഭിരമിച്ചാട്
അഭിരാമമവിരാമമാട്…….എന്നുമുല്ലസിച്ചാട്…!
                  
             ***************





Comments

Popular posts from this blog