അണയാത്ത ദാഹം
********************************************
ഭൂമിയുടെ നെഞ്ചകം
നെരിപ്പോടായി
അടയാത്ത വിടവുകളിൽ
ആർത്തണഞ്ഞ പ്രളയത്തെ
ഒരിറ്റുപോലുംകളയാതെ
നുണഞ്ഞുനൊട്ടിയ ദാഹം
മണ്ണിന്റെ ആത്മദാഹം
ഒരുതുള്ളി വിയർപ്പിനാൽ
ഒരുപക്ഷേ ശമിച്ചേനെ
കൽക്കുന്നുകളുടെ
മൊട്ടത്തലകളിൽ
പുകയുന്നനൊമ്പരം
മേഘങ്ങളുടെ കൊഞ്ചലിൽ
മോഹപ്പീലി നിവർത്തി
ചത്തുമലച്ച പച്ചപ്പിനെ
തട്ടിയുണർത്താൻ
അദമ്യദാഹം
കാട്ടാറിന്റെ കുഞ്ഞുകൊഞ്ചലിലോ
കുരുവിക്കുരുന്നിന്റെ കീർത്തനത്തിലോ
ഒരുപക്ഷേ അടങ്ങിയേനെ
ജീവവായുവിന്റെ വഴികളിൽ
വിഷനീലം പാർച്ചയാകുമ്പോൾ
നീർക്കട്ടകളിൽ കുടുങ്ങുന്നദേഹിക്ക്
വല്ലായ്മയുടെ ദാഹം
തെളിനീരിനൊരു പ്രാണന്റെ ദാഹം
ഒരുകുടന്ന സ്നേഹനീരിൽ
തീർത്തും അണഞ്ഞേനെ..
രാവിൻകല്ലറക്കുള്ളിൽ
ഏകാന്തമിരമ്പുന്ന
ഭീതിച്ചങ്ങലക്കിലുക്കങ്ങളിൽ
മനസ്സിന്റെ ദീനദാഹം
മോചനത്തിന്റെയൊരിറ്റു
വെളിച്ചത്തുള്ളിക്കായുള്ള ദാഹം
ഒരുകുരുന്നു കിനാവെട്ടത്തിൽ
ഒരുപക്ഷേ നനഞ്ഞൊടുങ്ങിയേനെ
മജ്ജയും മനസ്സും നിറച്ചുനനച്ച്
വൈകൃതംകോടിയ അപൂർണ്ണത
എന്നും എന്തിനും ഏതിനുമുണ്ടീ ദാഹം
കാത്തിരുപ്പാണൊന്ന് തണുക്കാനായി·         

Comments

Popular posts from this blog