ഒളിച്ചുകളിക്കുന്നു സ്വാതന്ത്ര്യം
*************************************************************************

ഇറങ്ങിയിട്ടുണ്ട് സ്വാതന്ത്ര്യം
ഒളിച്ചും മറഞ്ഞും 
മുണ്ടിട്ടു മുഖംമറച്ച് 
തെരുവിലേക്ക്
അവിടെയാണാഘോഷങ്ങൾ….

ഉണ്ട്
സ്വാതന്ത്ര്യം -
കല്ലുകൾക്കുണ്ട്
പറന്നുപറന്ന്
തലകളുടയ്ക്കാൻ….

കവിണികൾക്ക് -
കണ്ടവന്റെ മാങ്കനിയോ
കലമോ ഉടയ്ക്കാൻ

കത്തികഠാരകൾക്ക്
തന്നിഷ്ടം കേമം!
തലയുടലുകളേറെ
കൊയ്യാനെടുക്കാം

ഒന്നും രണ്ടും പോയി
നൂറുകൾ മറുകണ്ടംചാടി
വിലകൾക്ക്
ചന്തകളിൽ
പന്തയത്തിന്!

സ്വാതന്ത്ര്യത്തിന്റെ
പുത്തൻനിർവ്വചനം
പശുവിനെപ്പൂവിട്ടും
മനുഷ്യനെ
കല്ലെറിഞ്ഞും
പൂജിക്കാൻ !

കോഴകൾക്കൊപ്പ -
മളവെടുത്ത്
കീശകൾ തയ്ക്കാൻ !

പിടയുന്നശ്വാസങ്ങൾക്കും
പിന്നിക്കീറുന്ന മാനങ്ങൾക്കും
സ്വമേധയാ
മറവിയിൽമറയാൻ!


വരൂ, നമ്മുക്കെല്ലാമിനി
അടച്ചിട്ട സ്വകാര്യതകളിൽ
മുഖാമുഖം തേങ്ങാം
കളഞ്ഞുപോയ
സ്വാതന്ത്ര്യത്തിന്റെ
വൈക്കോൽ
കടിച്ചുതുപ്പാം.

Comments

Popular posts from this blog