തുറസ്സ്
*********

തുറന്നിടുന്നു ഞാൻ
വാതായനങ്ങളെല്ലാം 
മോഷ്ടിക്കപ്പെടാൻ
സുക്ഷിപ്പുകൾ
ഒന്നുമില്ലാത്തിടം
എന്തിനൊളിക്കണം
താഴുകള്‍ക്കുള്ളിൽ...
കാടായ്ക്കറുപ്പിച്ച്
ഉള്ളകങ്ങളിൽ
ഗര്ജ്ജിക്കാൻ മാത്രം
ചത്തെരിഞ്ഞ
ശബ്ദങ്ങള്ക്കാകില്ലല്ലോ ...
മൂടിനിന്ന്
കനത്തുപെയ്ത്
കുളിരുകൊള്ളിക്കേണ്ടതുമില്ല
മോഹദാഹങ്ങൾ
ഉപവസിക്കുന്ന
വിത്തുവിളർച്ചകൾ
പൊള്ളിയല്ലേ കിടപ്പ് !
ഉണരില്ലെന്നാണല്ലോ വാശി...
മോഹാലസ്യത്തിലെ
മന്ത്രാക്ഷരികൾ
കൊട്ടിയടയ്ക്കട്ടെ
ശ്രീയുടെ കോവിലകങ്ങൾ...
ഉണ്ടാകുമൊരു സ്പർശമൊരുനാൾ
നിശ്ചയം, പിന്നെ ചലനമാണ്
തൊടുക്കും
ഒട്ടേറെ പ്രകമ്പനങ്ങൾ
എല്ലാമെല്ലാം
പൊട്ടിയുടഞ്ഞുചിതറുംനാളുകളിൽ
വിസ്തരിക്കാനായി
കിടക്കുന്നുണ്ടാകും
പരന്ന ശൂന്യതയുടെ
തുറസ്സുകൾ

Comments

Popular posts from this blog