ഒളിയിടങ്ങളിലേയ്ക്കോ, ഇനി ?
********************************

യാത്രയിലാണവൾ
പാഥേയം കരുതിയിട്ടില്ല

പെണ്ണായിപ്പിറന്നു വീണതിന്റെ
പാരിതോഷികങ്ങൾ
പൊതിഞ്ഞെടുത്തിട്ടുണ്ട്
തോൾസ്സഞ്ചിക്ക് ഭാരവുമുണ്ട്...

നീണ്ടുവന്ന വഴികൾക്കൊപ്പം
സമാന്തരം നടന്ന ആവശ്യക്കാർക്ക്
കൈനീട്ടങ്ങളെറിഞ്ഞുംകൊണ്ടാണ്
അവളുടെ അടിവയ്പ്പുകൾ...

പൊന്നിൽമുങ്ങിയവയും
പട്ടിൽനേർത്തവയും
കസവുമിന്നലുകളിൽ ചിരിച്ചവയും
വെള്ളിവെളുപ്പിൽ പകപ്പിട്ടതും
കടുംനിറങ്ങൾ,
ഇളം പെരുമകൾ
ഇവ ചാലിച്ചുരുക്കിയ പകിട്ടുകൾ....!

സഞ്ചിയിലെ കരുതലുകൾ
ഒന്നൊന്നായിറങ്ങിപ്പോകുന്നു...
അവളറിയുന്നുണ്ട്....

ഒടുക്കത്തെ
വിലയിടാത്തൊരു നിധിക്ക്
നേർക്കുനേർ
നോട്ടങ്ങൾ
പരക്കംപാഞ്ഞെത്തുന്നതും
അവൾ
ഓടിത്തുടങ്ങുന്നു
ഒളിയിടങ്ങൾ തേടുന്നു....Comments

Popular posts from this blog