ബാക്കി വന്ന കറകൾ 
***********************
അലക്കിനിവർത്തുന്ന 
ഓരോ പകലിനേയും 
നിനവുണക്കാനായി 
വിരിച്ചുതൂക്കിയിട്ടുണ്ട് ...

നിമിഷയിഴകളെ 
സൂക്ഷ്മനോട്ടങ്ങളിൽ 
തുളച്ചുവകഞ്ഞ് 
ഒന്നൊന്നായി 
പിരിച്ചെഴുതിയിട്ടുണ്ട് ...

മേൽപ്പൊടി 
പറ്റി പൊടിപുരണ്ടവ 
കുടഞ്ഞുമടക്കി

ഉള്ളിലേയ്ക്കു  നുഴഞ്ഞവയെ 
പതപ്പിച്ചുതളച്ച്  

ഇഴുകിയിഴചേർന്നവയെ 
കല്ലിലടിച്ചുതുരത്തി 

മെഴുക്കിൽമിനുങ്ങി 
ഒട്ടിച്ചിരിച്ചവയെക്കണ്ട് 
തിളച്ചരോഷത്തിൽ 
ഞെക്കിക്കുലുക്കി 

എല്ലാ വിഴുപ്പുകളും 
തുന്നംപാടിയെന്ന
കർമ്മപ്പൊറുതികൾക്കൊടുവിൽ 

ഒരുപിടി വടുക്കൾ  
നിറനിരയില്‍ കറകൾ 
ശിഷ്ടം വരുന്നല്ലോ ....!Comments

Popular posts from this blog