മുളയേണിയേന്തുന്ന ജീവനസ്വപ്നം
****************************************
        തോളിലേറ്റിയ മുളയേണി
-      നിന്നെയിവൻ ചുമക്കുമെന്നൊരശരീരിയുള്ളി
ചൂണ്ടുന്നു, ചുമടേയല്ലയിന്നീ മുളയേണി –

ആകാശംമുട്ടെ നെടുകെയിവനെ
കുത്തിനിർത്തണം,
ഉയരങ്ങളുടെ തുടർച്ചയ്ക്കായൊന്നു
നെഞ്ചോടേറ്റുകൊണ്ട് .

പിൻമുറക്കാരനുണ്ടനുഗമിക്കുന്നു
അവൻ ചവിട്ടേണ്ടുന്ന ഉയരങ്ങളോ
മുൻനടക്കുന്നു ...!
മനസ്സിലാണ് ഭാരം!

കഞ്ഞിക്കാശിനു വകയിരിപ്പായി
മോഹമധുരമൂറുന്ന തേൻകനിക
സ്വപ്നക്കനിവുകളുൾനീരായ്ത്തുളുമ്പുന്ന
ഇളനീർക്കുടങ്ങൾ
അറുത്തു വീഴ്ത്താനെത്രയോ !

പൊന്മുത്തുകൾ നുള്ളാനുണ്ട്
നാളേയ്ക്കുള്ള എരിവുമണികൾ
അരിയവല്ലികളൊടിയാതെയവരറിയാതെ
വേണമൊരു കാവലാൾ
മുളയേണിയിതുയർച്ച താങ്ങാൻ !

കൊത്തിയടുക്കാനുമുണ്ടല്ലോ ,
തണൽപ്പുറങ്ങൾക്കുള്ള മേച്ചിൽവട്ടങ്ങൾ;
ഓലപ്പെരുംഞാത്തുകൾ ..

വെട്ടിയിട്ടു മുട്ടിക്കീറാ
കഷ്ടപ്പാടുകളുടെ വിറകിൻമുട്ടിക
ഒടിച്ചിടാനേറെ സങ്കടച്ചില്ലകൾ...

ജീവിതച്ചുമലിൽ ഭാരമുണ്ടെങ്കിലും
വഴികൾ നീണ്ടുവരുന്നുണ്ട്
പേശികളിൽ ഉരുക്കുവിശ്വാസമുണ്ട്
നടത്തയുടെ കനങ്ങൾക്ക്

ലാഘവാർത്ഥങ്ങൾ വരുന്നുമുണ്ട്.. !

Comments

Popular posts from this blog