സായന്തനക്കൂട്ടിന് ഓർമ്മപ്പച്ചകൾ
**************************************
പൂപ്പൽപ്പുതപ്പിന്റെ മടുപ്പിലുറങ്ങുന്ന
പടികളിലേയ്ക്കോടി വന്നിരുന്ന്
അസ്തമയവെയിൽപ്പകപ്പു കാണുന്നു, വിസ്തരിച്ച്.....

പാടവരമ്പുകൾക്കിറമ്പു പറ്റി
പുളിയിലക്കര കസവുപ്പട്ടു തടഞ്ഞ വലതുകാലടി
ആദ്യം കയറിയ അങ്കലാപ്പ്, കുനിഞ്ഞൊന്നു
നിലവിളക്കുനാളത്തെ നോക്കി നാണിച്ചിട്ടുണ്ട് !
പുത്തൻവീട്ടകത്ത് പതിഞ്ഞും പതുങ്ങിയും പിണങ്ങിയും
പിന്നെയുണ്മയോടെ ഇണങ്ങിക്കിണുങ്ങിയുമൊക്കെ
രാപ്പകലുകളുടെയാ നെട്ടോട്ടം, തേരോട്ടം!

പുലരും മുമ്പെയുണന്നോടുമായിരുന്നു
കിടപ്പറക്കുസൃതികളെ കഴുകി മുങ്ങാൻ,
പുകയൂതിയടുക്കളയുടെ മാനം കത്തിച്ചു മെരുക്കി
തിളപ്പിച്ചും പുഴുങ്ങിവേവിച്ചും വറുത്തുപൊരിച്ചും
വാട്ടിയും പൊട്ടിച്ചുതാളിച്ചും
ഇഷ്ടസ്വാദുക ഇഷ്ടമുള്ളവരെയൂട്ടി
ഓടിച്ചാടി തൊടികയിലെ തീരുവകളെ തട്ടിത്തിരുത്തിയും,
വിഴുപ്പുകളെ വലിച്ചലക്കിയും
എല്ലാം വേണ്ടകാലത്തു ചെയ്ത സംതൃപ്തി !

പച്ചയോലകളോർമ്മക്കാറ്റിലാടുന്നു...
ഇടനേരങ്ങളുടെ യൗവ്വനക്കുതിപ്പുകൾ..
നാണിച്ചുപൊങ്ങിയ ചുംബനചെമപ്പുകൾ...
പിറവിസ്വപ്നങ്ങളുടെ സുഖനോവുകൾ...
കുഞ്ഞു കൊഞ്ചലുകൾ, പിച്ചവെയ്പ്പുകൾ...
വളർന്നുപറന്ന പുത്രവാൽസല്യങ്ങൾ....
പോയിട്ടുവരട്ടെയെന്നു പറയാതെ പോയ കൂട്ട്...

ജീവിതമാടിയോടി മുഷിഞ്ഞ
പെൺകിതപ്പുകളെത്തുന്നു
സായന്തനത്തിന്റെ പായൽപ്പടികളിലിരിക്കാ
വെള്ളയിട്ടു കണ്ണു മൂടാനും
വായ്ക്കരി നനയ്ക്കാനും
വരുമോ ചോരപ്പിറപ്പുകളെന്ന തിമിരം ബാക്കിയുണ്ട്....






Comments

Popular posts from this blog