മുങ്ങിപ്പോയവ
*******************
പടിഞ്ഞാറൻമാവിന്റെ ചോട്ടിൽ
അക്കുത്തിക്കുത്താനപെരുംകുത്തിൽ
ചേറിക്കൊഴിച്ച
ചിരിമണികൾ
ചിരട്ടക്കലത്തിൽ
വേവിക്കാൻ
നീയുമുണ്ടായിരുന്നു കൂട്ടിന്

ഏഷണിക്കൊള്ളികൾക്കത്തിച്ച്
കിനാവിൻ വറ്റുകളെ
നീരുംവറ്റിച്ച് 
ഒറ്റപ്പെടുത്തി
എന്റെ
ഹൃദയക്കലം കരിച്ച്
കുട്ടിത്തത്തിലെന്റെ
കഷായം കാച്ചിയതും നീ തന്നെ

എന്നാണാവോ
വളർച്ചയെന്നും ചീറ്റിമുറ്റി
ഒരു മൂർഖനിഴഞ്ഞ്
വഴിപിരിച്ച്
കൈക്കെട്ട്
പിടിച്ചടർത്തി
നമ്മളെ
തിരിയാപ്പെരുംവഴികളിലേക്ക്
ഒളിപ്പിച്ചു കടത്തിയത്…..

ഇപ്പോഴിതാ
പൊരിഞ്ഞു പുകയുന്ന
വിമ്മിട്ടവാതകങ്ങളിൽ
ചുട്ടു പൊരിച്ചും
എരിച്ചു കരിച്ചും
ജീവിതത്തെയിങ്ങനെ 
നമ്മൾ
കണ്ണെത്താ ദൂരങ്ങളിലെ
മാഞ്ചുവടുസ്വപ്നങ്ങളിൽ മുക്കി
ഓക്കാനിച്ചു നുണയുന്നു….

Comments