കണ്ണാടിക്കണ്ണുകളിലേയ്ക്ക് നോക്കിയപ്പോൾ
************
ഒരായിരം തിളങ്ങുന്ന കണ്ണുകളുണ്ടവിടെ
വിവേകച്ചില്ലകൾ
തേങ്ങിവിതുമ്പുന്ന,
ചിതറിത്തൂവുന്ന,
ചെമ്മിഴിത്തുള്ളികളും...

തീത്തുണ്ടുകൾ തുപ്പിത്തെറിക്കുംപോലെ
തിളച്ചുംകൊണ്ട്
പരശ്ശതം മുഖങ്ങൾ

 പൊട്ടിച്ചിരികൾ കൊളുത്തിവിട്ട
കരച്ചിൽപ്പന്തങ്ങളാളിപ്പുകഞ്ഞുചുരുളുന്ന
വക്രചക്രങ്ങളായി...

എത്രയെത്ര
കറുത്ത മിഴിജലയിഴകൾ !
വരച്ചുമായ്ക്കുന്ന വിള്ളലുകൾ...!

എല്ലാ മുഖമുറ്റങ്ങളിലേയും
പതിഞ്ഞുതാണ കണ്ണിണകളും
പൊക്കിൾബന്ധം പറയുന്നു
അവർ തൊട്ടുരുമ്മി,
ചുംബിച്ചാശ്ലേഷിക്കുന്നു.
കോമാളിക്കാറ്റുകളായി
പരിഹാസം മൂളി,
ചിരികളിൽ കണ്ണീർ പെയ്യിക്കുന്നു.
തുള്ളികൾക്കു നിറംമാറ്റം വരുന്നു
പരന്നുനിരക്കുന്നു

സ്വീകരണമുറികളിൽ
ചുമരും ചാരി ഉച്ഛ്വസിക്കുന്നു
കിടപ്പറക്കിടക്കയിലെ
ചുളിവുകളാകുന്നു

ഉറക്കപ്പായയിൽ രാത്രികളെ വിയർപ്പിച്ച്
ഗുഹാമുഖങ്ങളിൽ
കരിഞ്ഞുംകൊണ്ട്
കിണറ്റിൻകരയിൽ
കുനിഞ്ഞലക്കി,
തുള്ളി ചീറ്റി,
തൊട്ടയലത്ത്
നടുറോട്ടിലിടി കിട്ടി
നടുങ്ങിച്ചതഞ്ഞ്
കൊടികൾക്കു മുഷ്ടിയെറിഞ്ഞ്
പരന്ന ആൾക്കൂട്ടങ്ങളിൽ
പുത്തൻപൌരന്റെ മേലങ്കിയിട്ട്

വെറുംവാക്കിലെ പൊയ്ത്തുള്ളികളായി
കുഞ്ഞുമിഴികളിൽ നിഴൽഭയമടിച്ച്
ലഹരിയുറങ്ങുന്ന
കൌമാരക്കോളിലമ്ലമായ്ചേർന്ന്
അടുത്തടുത്ത്
ചുറ്റളവു വികസിപ്പിച്ചങ്ങനെ

പടുവൃത്തങ്ങളിലെ
അഴിയാവ്യൂഹങ്ങളിൽ
അനന്തനിനവുകളുടെ
നനഞ്ഞ രക്തപ്പൊട്ടുകൾ
തീരാമഴയായി പ്രളയമാപിനിയിൽ

ഉയിരുകൾ കൊരുത്തുംകൊണ്ട്...

Comments

Popular posts from this blog