കുത്തൊഴുക്ക്
********************************

കുടമുല്ലയരിപ്പല്ലിൽ
ചിരിച്ചുരുണ്ട
ബാല്യത്തിൽ നിന്നും
ചെഞ്ചായം
ചീന്തിയെടുത്ത്
മനസ്സടുക്കിൽ 
പെറ്റു പെരുകാൻ
കാത്തു സൂഷിച്ചിരുന്നു

അരുവിയൊഴുക്കായി
പാടി നടന്ന 
കൌമാരസൈരന്ധ്രിയിൽ
നിന്നുമൊരു
രാഗത്തുണ്ടും 
നുള്ളി എടുത്തിരുന്നു...

യൌവ്വനം തുടിച്ച
പേരാലിലകളോട്
മർമ്മരത്താളം കടം കൊണ്ടു...

മോഹാകാശത്തു നിന്നും
പ്രണയക്കിളികളെ
വിരുന്നൂട്ടിയുന്മാദം പൂണ്ടു...

ഉരുണ്ടു കൂടിയ 
ജീവിതത്തിലേക്ക്
മേഘമൽഹാർ 
തൊടുത്തു നിന്നു...

ഒരു തുണ്ടു ചിന്ത
പൊട്ടിച്ചെടുത്തതിൽ പാതി
നുണഞ്ഞിറക്കിയതേ
തുടക്കമിട്ട കുത്തൊഴുക്ക്
ആശയക്കടലലകൾ
അലറി വരുന്നു
കവിതയിലേക്ക്

*******

Comments