എന്റെയച്ഛൻ
**************
പല്ലില്ലാച്ചിരിയുടെ
ഇക്കിളിക്കൂട്ടങ്ങൾക്ക്
-      ഇടം തിരിയാനേ...
വലം തിരിയാനേ...-
മസ്തകം കുലുക്കി
മുട്ടുമടക്കി നടന്നുതന്ന
അച്ഛനാന !

കുഞ്ഞുവയർ വിശക്കാത്തത്
അറിയാതിരുന്ന വായ്
പിളർത്തിയൂട്ടാൻ
അമ്പിളിമാമനെ
കൂട്ടുപിടിക്കും കാലം
കൊച്ചുറക്കത്തിനു താരാട്ടു മൂളിയും
കഥകൾ കൊറിക്കാനിട്ടും തന്ന്
കഥച്ചിപ്പികൾ തുറന്നിട്ട
അച്ഛൻകൂട്ടിന്റെ
രസികത്വങ്ങൾ..!


കനത്ത
വിരൽപ്പൊരുത്തത്തിൽ നിന്നും
മെടഞ്ഞു നിവർന്നിരുന്ന
ഓലപ്പീപ്പിയൂതി
ഓലപ്പന്തു തട്ടിയെറിഞ്ഞ്
ശൈശവത്തെയെന്റെ
പിച്ചവെപ്പിച്ചതും
കൗമാരത്തിലേക്ക്
പടി കയറ്റിയതും
അതേ കൈകൾ !


തറ-പറ-കളിൽ തട്ടി
കൂട്ടിയും കിഴിച്ചും
ഗണിച്ചും ഹരിച്ചും
ഭീമൻ പ്രശ്നക്കുരുക്കുകളിൽ
ഏങ്ങിനിൽക്കുമ്പോൾ
കണക്കപ്പിള്ള ചമഞ്ഞ്
ഉത്തരമുറപ്പിച്ചു തന്നിരുന്ന
താന്ത്രികനച്ഛൻ !


അമ്മവാത്സല്യങ്ങളിൽ
ബലഹീനതകളെ
കണ്ടെടുത്ത
എന്റെ
കുസൃതിക്കോലങ്ങൾ
കെട്ടിയാടിയോടിയ
കൗമാരവളർച്ചയ്ക്ക്
താക്കീതുകൾ ചൂണ്ടി
ദിശ തിരിച്ചുനിർത്തിയ
അച്ഛനെന്ന പേടിശ്ശങ്ക...!


കടൽ തുള്ളിവന്ന
യൗവ്വനക്കൊഴുപ്പുകളോട്
മുട്ടിയുരുമ്മി സന്ധിചെയ്തു
രസിക്കുമ്പോൾ
വലയം ചെയ്തുനിന്നിരുന്ന
ആ കരുതൽ...!


ഒരു ഭീമമൗനത്തിന്റെ
അകമ്പടിയോടെ
നഷ്ടവാത്സല്യത്തിന്റെ
മ്ലാനത മറച്ച്
നെഞ്ചിലടക്കിയ
സ്നേഹക്കൈകളെ
ദാമ്പത്യനടയിലേക്ക്
ദാനംചെയ്തു വിതുമ്പിയ
തുടിപ്പുകൾ...!


കാതോരങ്ങളിലൊട്ടിക്കൊണ്ടിന്നും...

പിന്നീടൊരുനാൾ
തോൾസ്സഞ്ചി മറന്ന്
കാൽക്കുടയില്ലാതെ
ഖദർജ്ജുബ്ബയ്ക്കു
മേൽമുണ്ടിടാതെ
യാത്രക്കു കൈവീശാതെ
തെക്കോട്ടു തിരിഞ്ഞ
കാറ്റിന്റെ കൂടെ....

മടങ്ങി വന്നില്ലെന്റെയച്ഛൻ...!


Comments