കാടുകൾക്ക് പണയപ്പെടുമ്പോൾ
************************************
കാടുകൾ വളർത്തുക
തഴക്കട്ടെ
പച്ചത്താവളങ്ങൾ
പ്രകൃതിയുടെ ലാവണ്യലാസ്യം
രോമാഞ്ചം കൊള്ളിക്കും

കാടുകളിൽ
മൃഗസമ്പത്ത് കുമിയട്ടെ
കളകളം പാട്ടുകൾ കേൾക്കുമാറാകട്ടെ
അരുവികൾ വളഞ്ഞും പുളഞ്ഞും രമിക്കട്ടെ
നാടടക്കം
കുളിരു പെയ്യട്ടെ

ഇരുൾ വഴികൾ പണിയുന്ന
ഇരുൾക്കുടിലുകൾ
ലോകമറിയാതെ കാണാദീപങ്ങൾ തെളിയിക്കും
മുറിവെട്ടങ്ങളുണ്ടാകും
നാട്ടിൽ നിന്നും
വന്യമെന്നുള്ള കൂട്ടങ്ങളൊക്കെയും
കാടു കയറുംവരി വരിയായി

വളർന്ന് മുറ്റി കാടുകളിലെ
വിശപ്പുകൾ വാ പിളർക്കുമ്പോൾ
അവിടേയ്ക്ക്
ഇളം നഗ്നതകളെ
നടത്തിക്കും
മെരുക്കി മയക്കി
ഇവിടെ
വിതാനങ്ങൾ
കുരുന്നു മിഴിക്കിണറുകളിൽ നിന്ന്
തോരാജലം കോരി
ദാഹമടക്കും

കുഞ്ഞ് നഗ്നതകൾ
ഈടു മുതലാകുമ്പോൾ
പണയപ്പെട്ടത്
ക്യാമറക്കണ്ണുകളിൽ
ചങ്ങലച്ചിരിയിൽ

പണയ വസ്തു
തിരിച്ചടവുകൾ പിഴച്ച്
പ്രാണവില
അവസാനത്തെ

ഭീമൻ അടവു തുകയാകും

Comments

Popular posts from this blog